Skip to main content

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുമായി സംവദിച്ച് മന്ത്രി

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ തത്സമയ ഫോൺ ഇൻ പരിപാടിയിലൂടെയാണ് മന്ത്രി ജനങ്ങളുടെ അഭിപ്രായവും നിർദ്ദേശവും കേട്ടത്.
   റോഡിന്റെ ശോചനീയാവസ്ഥ, അപകട സാധ്യത കുറക്കാൻ ഉള്ള നിർദ്ദേശം, ഡ്രയിനേജുകളുടെ പ്രശ്‌നം,  റോഡരികുകളിലെ മാലിന്യ നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ മന്ത്രിക്ക് മുന്നിൽ ജനങ്ങൾ അവതരിപ്പിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് നടപടി സ്വീകരിക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയാണ് ഓരോ ഫോൺ കോളും മന്ത്രി അവസാനിപ്പിച്ചത്.
     തൃശൂർ ജില്ലയിലെ നെടുമ്പുറയിൽ റോഡരികിൽ നാളുകളായി നിർത്തി ഇട്ട റോഡ് റോളർ മാറ്റുന്നില്ലെന്നായിരുന്നു ഒരു പരാതി.  റോഡ് റോളർ ഉടനടി മാറ്റി റിപ്പോർട്ട് നൽകാൻ മന്ത്രി ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി. റോഡരികിലെ മാലിന്യ നിക്ഷേപത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു ഒരു വീട്ടമ്മ വിളിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് ഓടയിൽ നിന്നുള്ള വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടിക്കും മന്ത്രി നിർദ്ദേശം നൽകി.
കഴക്കൂട്ടം തോന്നക്കൽ - കല്ലൂർ റോഡിലെ പ്രശ്‌നം ഉയർന്നു വന്നപ്പോൾ സ്ഥലം സന്ദർശിച്ച് നടപടി എടുക്കാൻ മന്ത്രി നിർദ്ദേശിച്ചു. മഴക്കാലത്തോടനുബന്ധിച്ച് ആഴ്ചയിൽ ഒരു ദിവസം ജനങ്ങളുടെ അഭിപ്രായം തേടാൻ ഫോൺ ഇൻ പരിപാടി നടത്താനാണ് തീരുമാനം. കഴിഞ്ഞ ആഴ്ചയും മന്ത്രി ജനങ്ങമായി സംവദിച്ചിരുന്നു. ഉന്നയിക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് കൃത്യമായ വിലയിരുത്തൽ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

പി.എൻ.എക്സ് 1744/2021

date