Skip to main content

നടുപിടിപ്പിക്കുന്നത് അഞ്ച് ലക്ഷം തൈകൾ; കുടുംബശ്രീയുടെ പെൺമരം ഇന്ന് മണ്ണിൽ വേരൂന്നും

വിത്തിട്ട് മുളപ്പിച്ചെടുത്ത പെൺമരങ്ങൾ ജീവന്റെ തുടിപ്പുകളുമായി ഭൂമിയിലേക്ക്. ലോക പരിസ്ഥിതി ദിനത്തിൽ കാസർകോട് ജില്ലാ കുടുംബശ്രീ മിഷനാണ് വേറിട്ട കാമ്പയിനുമായി എത്തുന്നത്. അഞ്ചു ലക്ഷം പ്ലാവിൻ തൈകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിക്കുന്നത്. പെൺമരം-നാളത്തെ തലമുറക്കായി ഇന്നത്തെ കരുതിവെപ്പ് എന്ന സന്ദേശവുമായാണ് പ്രവർത്തനങ്ങൾ.
കഴിഞ്ഞ ഒരു മാസം കൊണ്ട് വിത്തിട്ട് പരിപാലിച്ചെടുത്ത തൈകളാണ് നടുന്നത്. പ്ലാസ്റ്റിക് ഗ്രോ ബാഗുകളെ പൂർണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കളായ കമുകിൻ പാള, ഇളനീർത്തൊണ്ട് തുടങ്ങിയവയാണ് തൈകൾ മുളപ്പിച്ചെടുക്കാൻ ഉപയോഗിച്ചത്. ജില്ലയിലെ കുടുംബശ്രീ അംഗങ്ങളും ബാലസഭാ അംഗങ്ങളുമാണ് പ്ലാവിൻ തൈകൾ നട്ടുവളർത്തുക. വരും തലമുറക്കായി പ്രകൃതി വിഭവങ്ങൾ കരുതിവെക്കുക എന്ന ലക്ഷ്യമാണ് പെൺമരം പദ്ധതിയെ വ്യത്യസ്തമാക്കുന്നത്.
ശനിയാഴ്ച (ജൂൺ അഞ്ച്) രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പെൺമരം കാമ്പയിൻ ഉദ്ഘാടനം ചെയ്യും. തുടർന്നാണ് ജില്ലയിലെ 1,74,838 കുടുംബശ്രീ അംഗങ്ങളും 16,485 ബാലസഭാ കുട്ടികളും പ്ലാവിൻ തൈകൾ നടുക. ഓൺലൈനായി നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ എ.കെ.എം.അഷ്റഫ്, എൻ.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരൻ, എം.രജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ, കയ്യൂർ ചീമേനി പഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ സി.ടി.ശ്രീലത തുടങ്ങിയവർ പങ്കെടുക്കും.  

date