Skip to main content

മുളന്തുരുത്ത് പദ്ധതിക്ക് തുടക്കമായി

പരിസ്ഥിതി സംരക്ഷണത്തിന് മുളന്തുരുത്തുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. സി ഫോർ യു (ചിൽഡ്രൻ ക്രിയേറ്റ് കാർബൺ ഫ്രീ കൾച്ചർ) എന്ന പേരിലാണ് മുളന്തുരുത്ത് പദ്ധതി. ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളുമായി സഹകരിച്ച് പത്തിലധികം കേന്ദ്രങ്ങളിൽ ആയിരം മുളന്തൈകൾ നട്ട് മുളന്തുരുത്തുകൾ ഉണ്ടാക്കുകയാണ്  ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് എൻ.സി.സി, സ്‌കൗട്ട്, എസ്.പി.സി വിദ്യാർത്ഥികളുടെ കൂട്ടായ്മ ഉണ്ടാക്കി സംരക്ഷണച്ചുമതല ഇവർക്ക് നൽകും. കൂടാതെ മുളകളുടെ സംരക്ഷണത്തിനായി ജൈവ വേലികളും നിർമ്മിക്കും. ആഗോളതാപനത്തിന് മരമാണ് മറുപടി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്രദേശത്തെ കാർബൺ ന്യൂട്രൽ ബ്ലോക്കായി മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുവതലമുറയിൽ അവബോധമുണ്ടാക്കാനാണ് വിദ്യാർഥികളെ ഇതിൽ ഭാഗമാക്കുന്നത്.
ബ്ലോക്ക് ഓഫീസ് പരിസരത്ത് മുളന്തൈകൾ നട്ടു കൊണ്ട് സബ്കളക്ടർ ഡി.ആർ.മേഘശ്രീ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി. ശ്രീലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.അബ്ദുറഹ്മാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ. ബാബുരാജ്, എ. ദാമോദരൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ. കെ രാഘവൻ,ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എസ്.സോളമൻ  എന്നിവർ സംസാരിച്ചു.

date