Skip to main content

കോവിഡ് മുക്തര്‍ക്ക് ആശ്വാസമായി ജില്ലാ ആയുര്‍വേദ ആശുപത്രി

 

തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന 'പുനര്‍ജനി ' പദ്ധതി കോവിഡ് ഭേദമായ അനേകമാളുകള്‍ക്ക് ആശ്വാസം നല്‍കുന്നു. കോവിഡ് നെഗറ്റീവ് ആയതിന് ശേഷവും കണ്ടു വരുന്ന ശ്വാസംമുട്ടല്‍, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മറ്റ് വിഷമതകള്‍ക്കും സൗജന്യമായി പാര്‍ശ്വഫലമില്ലാത്ത ആയുര്‍വേദ ചികിത്സകൊണ്ട് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് പുനര്‍ജനി. നിലവിലുള്ള ഒ.പി. സേവനത്തിന് പുറമേ അര്‍ഹരായവര്‍ക്ക് കിടത്തി ചികിത്സ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് . പുനര്‍ജനി ഐ.പി. സംവീധാനത്തിന്റെ ഉദ്ഘാടനം ജൂണ്‍ 5 ന് പകല്‍ 3 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഫിലിപ്പ് നിര്‍വഹിക്കും. നിലവില്‍ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്ന ആയുര്‍ രക്ഷാ ക്ലിനിക്ക് വഴി ഭേഷജം (കോവിഡ് രോഗികള്‍ക്ക്), അമൃതം (ക്വാറന്റൈനില്‍ ഉള്ളവരുടെ പ്രതിരോധത്തിന്), സ്വാസ്ഥ്യം (60 വയസിന് താഴെയുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധത്തിനും), സുഖായുഷ്യം (60 ന് മുകളില്‍ പ്രായമായവരുടെ ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധത്തിനും) എന്നീ പദ്ധതികളുടെ സൗജന്യ സേവനം വിജയകരമായി നടന്നു വരുന്നു. വിദഗ്ദ്ധരായ ഡോക്ടര്‍മാരും പരിശീലനം സിദ്ധിച്ച ആശുപത്രി ജീവനക്കാരുമാണ് ആയുര്‍ രക്ഷാക്ലിനിക്കുകളില്‍ സേവനമനുഷ്ഠിക്കുന്നത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

date