Skip to main content

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ മൊബൈല്‍ കവറേജ് വര്‍ധിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കും ബിഎസ്എന്‍എല്‍ ടവറുകള്‍ പങ്കുവയ്ക്കുന്നതിന് സ്വകാര്യ കമ്പനികളുടെ അപേക്ഷയില്‍ തീര്‍പ്പ് ഉടന്‍

 

 ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനവും കോവിഡ് വാക്സിനേഷന്‍ നടപടികളും സുഗമമായി നടത്തുന്നതിനു വിവിധ മൊബൈല്‍ കമ്പനികളുടെ കവറേജ് ശേഷി വര്‍ധിപ്പിക്കുന്നതിനു അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപിയും ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണനും എഡിഎം ടിവി രഞ്ജിതും വിവിധ മൊബൈല്‍ സേവനദാതാക്കളുടെ പ്രതിനിധികളും പങ്കെടുത്തു.

 സ്വകാര്യ സംരംഭകര്‍ക്കു ടവറുകളില്ലാത്ത  ഇടങ്ങളില്‍ ബിഎസ്എന്‍എലിന്റെ ടവറുകള്‍ പങ്കുവയ്ക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രി യോഗവേളയില്‍ തന്നെ തിരുവനന്തപുരത്ത് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജരുമായി സംസാരിച്ചു. ജില്ലയില്‍ 11 ഇടങ്ങളില്‍ ബിഎസ്എന്‍എലിന്റെ ടവറുകള്‍ പങ്കുവയ്ക്കുന്നതിനു  റിലയന്‍സ് ജിയോ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. രാജമലയില്‍ ബിഎസ്എന്‍എല്‍ കവറേജ് 3 ജിയിലേക്ക് ഉയര്‍ത്തിയതോടെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ലഭ്യത സുഗമമായിട്ടുണ്ട്. മൂന്നാര്‍ തോട്ടം മേഖലയില്‍ 14 ടവറുകള്‍ സ്ഥാപിക്കുന്നതിന് കെഡിഎച്ച് പിക്ക് അപേക്ഷ ജിയോ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്ഥലമുടമ ടാറ്റ കമ്പനിയായതിനാല്‍ കമ്പനിയുടെ അനുമതി ഇതിനാവശ്യമാണ്. ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. 

 മക്കുവള്ളി, മനയത്തടം, കൈതപ്പാറ, വട്ടവട, സ്വാമിയാര്‍കുടി എന്നിവിടങ്ങളില്‍ ടവര്‍ സ്ഥാപിക്കാന്‍ തയാറായി സ്ഥലമുടമകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇവരുടെ ഭൂമിയുടെ രേഖ സംബന്ധിച്ച വിഷയങ്ങള്‍ അടിയന്തിരമായി പരിശോധിച്ചു പരിഹാരം കാണും. അറക്കുളം പതിപ്പളളിയിലും നാടുകാണിയിലും ബിഎസ്എന്‍എല്‍ ടവറുകളുടെ ശേഷി പരിധിയിലെത്തിയ സാഹചര്യത്തില്‍ അവിടങ്ങളില്‍ സ്വകാര്യ സംരംഭകര്‍ക്ക് ടവര്‍ പങ്കുവയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. അതേപോലെ മൂന്നാര്‍, തെന്‍മല, കല്ലാര്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ റേഞ്ച് ലഭിക്കാത്തത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പഠനം കൂടാതെ വാക്സിനേഷന്‍ രജിസ്ട്രേഷനും യഥാസമയം നടത്താന്‍ കഴിയുന്നില്ല. സ്വകാര്യ വ്യക്തികളില്‍ നിന്ന് സമ്മതപത്രം വാങ്ങി ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. ഭൂമി ലഭിക്കാനുള്ള തടസങ്ങള്‍ ഉടന്‍ പരിഹരിക്കാനാണു ശ്രമിക്കുന്നത്. 

 മണിയാറന്‍കുടി, പടമുഖം, വാത്തിക്കുടി, നാരകക്കാനം, മരിയാപുരം, വണ്ണപ്പുറം, മുള്ളരിങ്ങാട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലും മൊബൈല്‍ കവറേജ് കുറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

 ബിഎസ്എന്‍എലിന്റെ പരാധീനതകളാണ് ജില്ലയില്‍ ടെലികോം രംഗത്ത് പ്രതിസന്ധികള്‍ക്കു പ്രധാന കാരണമെന്ന് ഡീന്‍കുര്യാക്കോസ് എംപി പറഞ്ഞു. ജില്ലയില്‍ നാലുകോടി രൂപയെങ്കിലും ചെലവഴിച്ചാലേ പ്രശ്നങ്ങള്‍ക്കു പരിഹാരമാകൂ.  പലയിടങ്ങളിലും ടവറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തിനാവശ്യമായ ഇന്ധനം വാങ്ങുന്നതിനു പോലും പണമില്ലാത്ത സ്ഥിതിയാണ. ജീവനക്കാരുടെ ക്ഷാമം ഇതിനു പുറമേയാണ്. റേഞ്ച് കുറവുള്ള സഥലങ്ങളില്‍ അത് വര്‍ധിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ നടപടി  സ്വീകരിക്കണം. കഴിഞ്ഞവര്‍ഷം കൊക്കയാറിലെ മുക്കുളത്ത് മരത്തിന്റെ മുകളില്‍ കയറി ഇരുന്ന് മൊബൈല്‍ റേഞ്ച് പിടിച്ചത് വാര്‍ത്തയായ കാര്യം എംപി ഓര്‍മിപ്പിച്ചു. മാങ്കുളത്ത് 13ല്‍ 12 വാര്‍ഡുകളിലും റേഞ്ച് ഇല്ല. വട്ടവട, സ്വാമിയാര്‍ കുടി, ചേറാടി, പുള്ളിപ്പതാല്‍,  പട്ടയക്കുടി, വഞ്ചിക്കല്ല്, ഇടത്തന എന്നിവിടങ്ങളിലും ചിത്തിരപുരത്ത് 60 % ഇടങ്ങളിലും മൊബൈല്‍ കവറേജ് ഇല്ല. 

 കുളമാവ്, ബൈസണ്‍വാലി, കോവിലൂര്‍, പാണ്ടിപ്പാറപള്ളി, മിനി തേക്കടി, വിരിപാറ, മരിയഗിരി, സൂര്യനെല്ലി, പശുപ്പാറ, ശാന്തിഗിരി കോളേജ്, കോട്ടമല എന്നിവിടങ്ങളിലെ ബിഎസ്എന്‍എല്‍ ടവറുകള്‍ പങ്കുവയ്ക്കുന്നതിനാണ് അപേകഷ നല്‍കിയിരിക്കുന്നതെന്ന് ജിയോ പ്രതിനിധി അറിയിച്ചു. അടിമാലിയിലെ പഴമ്പള്ളിചാലിലും എറണാകുളം ജില്ലയില്‍പ്പെട്ട മാമലക്കണ്ടത്തും ഇത്തരത്തില്‍ ശേഷി കൂട്ടേണ്ടത് അത്യാവശ്യമാണെന്ന് എം.പി പറഞ്ഞു. 

 ഇടമലക്കുടിയില്‍ കാട്ടാനകള്‍ ടവര്‍ തകര്‍ക്കുന്ന സാഹചര്യത്തില്‍ മുള്ളുവേലി സ്ഥാപിക്കണമെന്ന്  ഗ്രാമപഞ്ചായത്തിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എന്‍എല്‍ ഡിജിഎം ജെസി അറിയിച്ചു. ടവറില്ലാത്ത സ്ഥലങ്ങളില്‍ അവ സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. 

 ഫൈബര്‍ ഒപ്ടിക്സ് സ്ഥാപിക്കുന്നതിന് വനംവകുപ്പിന്റെ ആവശ്യമാണെന്ന് വോഡഫോണ്‍ ഐഡിയ പ്രതിനിധി അറിയിച്ചു. മറ്റിടങ്ങളില്‍ ഭൂമി ലഭ്യമാക്കിയാല്‍ ടവര്‍ സ്ഥാപിക്കാന്‍ തയാറാണെന്ന് അവര്‍ പറഞ്ഞു. 
 എയര്‍ടെലിന് നിലവില്‍ 116 ടവറുകളുണ്ട്. കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിച്ചുവരുകയാണ്. 
 വട്ടവട, പതിപ്പള്ളി, സ്വാമിയാര്‍ കോളനി എന്നിവിടങ്ങളില്‍ മൊബൈല്‍ കവറേജ് പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. തോട്ടം മേഖലയില്‍ ടവറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തിവരുകയാണെന്ന് സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു. സ്ഥിതിഗതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് അടുത്തയാഴ്ച വീണ്ടും ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date