Skip to main content

ആരാമം ആരോഗ്യം പദ്ധതി ആയുഷ് വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

 ആയുഷ് വകുപ്പിന് കീഴിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഒരു വര്‍ഷത്തിനുള്ളില്‍ ആരാമം ആരോഗ്യം പദ്ധതി നടപ്പാക്കുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരാമം ആരോഗ്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മെഴുവേലി ഗ്രാമപഞ്ചായത്ത്  ഹോമിയോ ആശുപത്രിയില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഔഷധ സസ്യങ്ങളെ സംബന്ധിച്ച അവബോധം പൊതുജനങ്ങളില്‍ വര്‍ധിപ്പിക്കുകയും അവ സ്വന്തം വീടുകളില്‍ നട്ടുവളര്‍ത്തി രോഗാവസ്ഥകളിലും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ആരാമം ആരോഗ്യം പദ്ധതിയുടെ ലക്ഷ്യം. കാലഘട്ടത്തിന് അനുയോജ്യമായ പദ്ധതിയാണിത്. ആയുഷ് വകുപ്പിനെ ഈ പദ്ധതിയിലൂടെ മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പാക്കുവാന്‍ പഞ്ചായത്തുകളുടേയും നഗരസഭകളുടേയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

നാഷണല്‍ ആയുഷ് മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്ന് ഗ്രാമീണ മേഖലയിലെ ആയുഷ് വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ആരാമം - ആരോഗ്യം പദ്ധതി നടപ്പാക്കും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.ഡി.ബിജുകുമാര്‍ എന്നിവര്‍ ആദ്യ തൈകള്‍ ആശുപത്രി പരിസരത്ത് നട്ടു. ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ശര്‍മ്മിള മേരി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ,  നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ആയുര്‍വേദ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.എസ്. പ്രിയ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ഡി. ബിജുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date