Skip to main content

കോവിഡ് പ്രതിരോധം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി തദ്ദേശസ്ഥാപനങ്ങള്‍

കോവിഡ് വ്യാപന സാധ്യത കൂടി മുന്നില്‍ കണ്ടു  മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ജില്ലയിലെ  തദ്ദേശസ്ഥാപനങ്ങള്‍. ചടയമംഗലം ബ്ലോക്കില്‍ നടന്ന ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു.  തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കരീപ്രഗ്രാമപഞ്ചായത്തിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ നിര്‍വഹിച്ചു.
പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍  കലയ്‌ക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിന്  രൂപയുടെ ആന്റിജന്‍ പരിശോധന കിറ്റ് വാങ്ങി നല്‍കി. രണ്ടു ലക്ഷം രൂപ  ചെലവ് വരുന്ന കിറ്റ്  പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി.ജി.ജയ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്‍സിക്ക് കൈമാറി. സ്ഥിരംസമിതി അധ്യക്ഷമാരായ ഡി.സുരേഷ്‌കുമാര്‍, ലൈലജോയി, ജീജസന്തോഷ് എന്നിവര്‍ പങ്കെടുത്തു
ജില്ലാ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്കില്‍ ഹോമിയോ മരുന്നുകള്‍  വിതരണം ചെയ്തു. കുളക്കട, മൈലം, പട്ടാഴി ഗ്രാമപഞ്ചായത്തുകളിലെ  ഹോമിയോ ഡോക്ടര്‍മാര്‍ക്കും പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ജില്ലാ പഞ്ചായത്ത് അംഗം  ആര്‍. രശ്മി  പ്രതിരോധ മരുന്നുകള്‍ കൈമാറി. കലയപുരം ഡിവിഷനിലെ വിവിധ പി.എച്ച്.സികളിലേക്ക് ആവശ്യമായ ഓക്‌സിമീറ്ററുകളും,  പി.പി.ഇ.കിറ്റും, ശുചീകരണ ഉപകരണങ്ങളും വരും ദിവസങ്ങളില്‍ വിതരണം ചെയ്യും. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹര്‍ഷകുമാര്‍ കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.ടി.ഇന്ദു കുമാര്‍, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു. ജി. നാഥ്, പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1380/2021)

date