Skip to main content

പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ നട്ട് പോലീസ്

മനുഷ്യര്‍ മാത്രമായാല്‍ പ്രകൃതിയാകില്ലെന്നും മണ്ണും സര്‍വ ജീവജാലങ്ങളും ഒപ്പമുണ്ടാകേണ്ടത് പരിസ്ഥിതിയുടെ ആരോഗ്യപൂര്‍ണമായ നിലനില്‍പ്പിന് അനിവാര്യമാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലാ പോലീസ് ഓഫീസ് പരിസരത്ത് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഫലവൃക്ഷത്തെകള്‍ നട്ടശേഷം സംസാരിക്കുകയായിരുന്നു ജില്ലാപോലീസ് മേധാവി.

പ്രകൃതിയെയും മണ്ണിനേയും സംരക്ഷിക്കാനും, പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും പോലീസ് പ്രതിജ്ഞാബന്ധമാണെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലാ പോലീസ് കാര്യാലയം, വിവിധ യൂണിറ്റുകള്‍, എ ആര്‍ ക്യാമ്പ്, ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ പരിസരങ്ങളില്‍ വിവിധയിനം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്തിന്റെ പരിസരത്ത് ജില്ലാ പോലീസ് മേധാവിയെ കൂടാതെ ജില്ലാ അഡിഷണല്‍ എസ്പി എന്‍. രാജന്‍, സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. പ്രതാപന്‍ നായര്‍, നാര്‍കോട്ടിക് സെല്‍ ഡി വൈഎസ്പി ആര്‍. പ്രദീപ്കുമാര്‍ (എസ്പിസി പ്രൊജക്റ്റ് ജില്ലാ നോഡല്‍ ഓഫീസര്‍), എന്നിവരും തൈകള്‍ വച്ചുപിടിപ്പിച്ചു.

ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുല്‍ഫിക്കര്‍, ഡിസിആര്‍ബി ഡിവൈ എസ്പി  എ. സന്തോഷ് കുമാര്‍, ക്യാമ്പ് അസിസ്റ്റന്റ് കമ്മാന്‍ഡന്റ് സന്തോഷ് കുമാര്‍, എസ്പിസി പ്രൊജക്റ്റ് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജി. സുരേഷ് കുമാര്‍, ജനമൈത്രി പദ്ധതി ജില്ലാ അസിസ്റ്റന്‍ഡ് നോഡല്‍ ഓഫീസര്‍ എ. ബിനു, എസ്പി കേഡറ്റുകള്‍, അധ്യാപകര്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള ചടങ്ങ്.

എസ്പിസി  നോഡല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 27 സ്‌കൂളുകളിലും ഫലവൃക്ഷത്തെകള്‍ നട്ട് പിടിപ്പിച്ചു. ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ വളപ്പുകളില്‍ എസ്എച്ച്ഒമാര്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. നടുന്ന മരതൈകള്‍ തുടര്‍ന്ന് പരിപാലിക്കുകയും, പരിസരം വൃത്തിയായി സൂക്ഷിക്കുകയും, മറ്റ് ചെടികളും കാര്‍ഷിക വിളകളും നട്ട് ആകര്‍ഷകമാക്കുകയും ചെയ്യാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

date