Skip to main content

നെല്‍, പച്ചക്കറി കൃഷി വ്യാപനത്തില്‍ കര്‍ഷകര്‍ നടത്തിയത് വലിയ ഇടപെടല്‍: മന്ത്രി വീണാ ജോര്‍ജ്

നെല്‍, പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതില്‍ വലിയ ഇടപെടലാണ് നമ്മുടെ കര്‍ഷകര്‍ നടത്തിയിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പരിപാലന പദ്ധതിയുടെ ആറന്മുള നിയോജകമണ്ഡലതല ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രകൃതിയുടെയും മനുഷ്യന്റെയും ആരോഗ്യപരമായ സഹവര്‍ത്തിത്വത്തിനു വേണ്ടിയുള്ള ഫലപ്രദമായ ഇടപെടല്‍ നടത്തി മുന്നോട്ടു പോകണമെന്നുള്ള പ്രതിജ്ഞ ഒന്നുകൂടി പുതുക്കുകയാണ് ഈ ലോക പരിസ്ഥിതി ദിനത്തില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ആറന്മുള നിയോജകമണ്ഡലത്തില്‍ എല്ലാവരും മികച്ച ഇടപെടലുകള്‍ നടത്തുകയും അതിന്റെ ഫലമായി കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ എല്ലാവര്‍ക്കും കഴിയുകയുമുണ്ടായി. പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യുന്ന വൃക്ഷതൈകള്‍ വീണ്ടും കൂടുതല്‍ ഊര്‍ജത്തോടെ കൃഷി മുന്നോട്ടു കൊണ്ടു പോകാന്‍ എല്ലാവര്‍ക്കും പ്രേരണയാകട്ടെയെന്നും മന്ത്രി ആശംസിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശ്രീ ഓമല്ലൂര്‍ ശങ്കരന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഫലവൃക്ഷ തൈ നട്ടുകൊണ്ട് ഫലവൃക്ഷ തൈ വിതരണം ആരംഭിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിലാ മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍ എ.ഡി.ഷീല, വികസന സ്ഥിരം സമിതി അധ്യക്ഷ ആതിര ജയന്‍, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ അഭിലാഷ് വിശ്വനാഥ്, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി അധ്യക്ഷ സാലി പുന്നക്കാട്, ബ്ലോക്ക് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date