Skip to main content

പരിസ്ഥിതി സൗഹൃദ നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കും: മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ്

 

 

 

കടലുണ്ടി പഞ്ചായത്തിലെ കപ്പലങ്ങാടിയില്‍  പച്ചത്തുരുത്തിന് തുടക്കം

പരിസ്ഥിതിക്ക് അനുയോജ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച്  കടലുണ്ടി പഞ്ചായത്തിലെ കപ്പലങ്ങാടിയില്‍ പച്ചത്തുരുത്ത് നിര്‍മിക്കുന്നതിന്റെ ഉദ്ഘാടനം ചെറുവണ്ണൂര്‍ എംഎല്‍എ ഓഫീസ് പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള  പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.   ജലാശയങ്ങള്‍ വീണ്ടെടുക്കുന്ന പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള  പ്രവര്‍ത്തനമാണിത്.  നമ്മുടെ അശ്രദ്ധ കാരണം പുഴകളിലും തോടുകളിലും ഒഴുക്കു നിലക്കുകയായിരുന്നു. ഇവ പുനരുജ്ജീവിപ്പിക്കപ്പെട്ട കാലമാണ് കഴിഞ്ഞ സര്‍ക്കാരിന്റേത്. ഇത് തുടര്‍ന്നു പോരുമെന്നും മന്ത്രി പറഞ്ഞു. ജലാശയങ്ങളെ വീണ്ടെടുക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന ക്യാമ്പയിന്‍  പദ്ധതി വന്‍ ജനപിന്തുണ നേടിയിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. അതിവേഗ നഗരവല്‍ക്കരണത്തിനിടയിലും പച്ചപ്പുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള പച്ചത്തുരുത്തുകള്‍ ഏറെ പിന്തുണയും ആവേശവും നാടിന് നല്‍കി. ഇത്തരത്തില്‍ വ്യത്യസ്തമായ പരിപാടികളാണ് സര്‍ക്കാരും ഹരിത കേരള മിഷനും നടത്തിയത്. ഇവ  തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.  പരിസ്ഥിതിയുമായി ബന്ധപ്പെട്ട വ്യക്തമായ കാഴ്ചപ്പാട് സര്‍ക്കാരിനുണ്ട്.  നീര്‍ത്തട സംരക്ഷണം, നീര്‍ത്തട മലിനീകരണം തടയല്‍ തുടങ്ങിയവ സര്‍ക്കാര്‍ ശ്രദ്ധിച്ചു മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തും. പരിസ്ഥിതിസൗഹൃദ നിര്‍മ്മാണങ്ങള്‍ എല്ലാ വകുപ്പുകളും താല്പര്യത്തോടെ എടുക്കുന്നത് ശ്രദ്ധേയമാണ്. ഇത് സമ്പൂര്‍ണ്ണമാക്കുന്നതിനായി വകുപ്പുകള്‍ ഇടപെടല്‍ നടത്തുന്നുണ്ട്. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത് കുറയ്ക്കാന്‍ വസ്തുക്കളുടെ പുനരുപയോഗ സാധ്യതയെക്കുറിച്ച്  സര്‍ക്കാര്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചില സാധ്യതകള്‍ തുടങ്ങിവച്ചിരുന്നു.  നിലവിലുള്ള റോഡ് പൊളിച്ച് മിശ്രണം നടത്തി പുതിയ റോഡ് നിര്‍മ്മിക്കുന്ന രീതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. ഇത് വിപുലീകരിക്കും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചു കൊണ്ടുള്ള നിര്‍മ്മാണം വ്യാപിപ്പിക്കും. ടൂറിസം മേഖലയില്‍ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികളാണ് സര്‍ക്കാരിന്റെ നയം. ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന  പ്രധാന കാര്യവും ടൂറിസം കേന്ദ്രങ്ങള്‍ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാക്കുക എന്നതാണ്. ഇതിന് ജനങ്ങളുടെ സഹായം, പങ്കാളിത്തം എന്നിവ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

നാടിന്റെ അതിജീവനമെന്നത് ഏറ്റവും സുപ്രധാന ലക്ഷ്യമായി മുന്നില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം. ഒരു ഭാഗത്ത് കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പമാണ് കാലാവസ്ഥാ വ്യതിയാനം.  പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം ഉറപ്പുവരുത്തുന്ന ഒരു സമയത്താണ് ഇത്തവണത്തെ പരിസ്ഥിതി ദിനം. തൈകള്‍ നട്ടാല്‍ മാത്രം പോര അവ സംരക്ഷിച്ചു വളര്‍ത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

 ചടങ്ങില്‍ കടലുണ്ടി പഞ്ചായത്തിലെ കപ്പലങ്ങാടിയില്‍ നിര്‍മ്മിക്കുന്ന പച്ചത്തുരുത്തിനുള്ള വൃക്ഷത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷയ്ക്ക് മന്ത്രി കൈമാറി.  കപ്പലങ്ങാടിയില്‍ 50 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് വെച്ചു പിടിപ്പിക്കുന്നത്.  ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തോഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്‍,  പൊതുജന പങ്കാളിത്തത്തൊടെയാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്താകെ ഇതിനോടകം 1400 ലധികം പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുകയും, ഈ വര്‍ഷം 400 പുതിയ പച്ചത്തുരുത്തുകള്‍ക്കും തുടക്കമിടുകയാണ്. ജില്ലയില്‍ മുന്‍വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 160 എണ്ണം  നിര്‍മ്മിക്കുകയും, ഈ വര്‍ഷം 20 എണ്ണം പച്ചത്തുരുത്തുകള്‍ക്ക് തുടക്കമിടുകയും ചെയ്യും. മുന്‍വര്‍ഷങ്ങളില്‍ നട്ട പച്ചത്തുരുത്തുകളില്‍ നശിച്ചു പോയ ചെടികള്‍ക്ക് പകരമായി പുതിയവ വെച്ചു പിടിപ്പിക്കും.

 കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടന്‍, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി കെ ഷൈലജ ടീച്ചര്‍, കടലുണ്ടി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു പച്ചാട്ട്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജെ.പി.സി ടി.എം മുഹമ്മദ് ജാ, നോഡല്‍ ഓഫീസര്‍ ഇ ശശി, റിസോഴ്സ് പേഴ്സണ്‍ കെ ഷിബിന്‍ എന്നിവര്‍ പങ്കെടുത്തു.  ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് പദ്ധതി വിശദീകരിച്ചു.

date