Skip to main content

മുഴുവൻ വിദ്യാർത്ഥികൾക്കും മെച്ചപ്പെട്ട ഓൺലൈൻ പഠന സൗകര്യം ഒരുക്കും

 

 

 

പുതിയ അദ്ധ്യയന വർഷത്തിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മെച്ചപ്പെട്ട ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം ഏർപ്പെടുത്താൻ നടപടി. ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. ടി.പി. രാമകൃഷ്ണൻ എം.എൽ.എയാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. ജില്ലയുടെ മലയോരമേഖലകൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യത ഇല്ലാത്തതിനാൽ ഒട്ടേറെ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ വിദ്യാഭ്യാസം ലഭ്യമാവുന്നില്ല. ജില്ലയിൽ 4500 കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിന് ആവശ്യമായ സാങ്കേതിക ഉപകരണങ്ങളില്ല. ഇത് പരിഹരിക്കാനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ യോഗം ചേരും. ഓരോ വിദ്യാലയത്തിലും ഒരു അദ്ധ്യാപകനെ നോഡൽ ഓഫീസറായി നിയോഗിക്കും.സാങ്കേതിക ഉപകരണങ്ങളുടെ സമാഹരണത്തിനും വിതരണത്തിനും നടപടിയുണ്ടാവും. കോളനികളിലെ കമ്യൂണിറ്റി ഹാളുകളിൽ ഒരുമിച്ചിരുന്ന് പഠിക്കാൻ ആവശ്യമായ കൂടുതൽ സൗകര്യങ്ങളൊരുക്കും. മുൻ വർഷം ഒരുക്കിയ 766 കേന്ദ്രങ്ങളിൽ കേബിൾ കണക്ഷൻ പുന:സ്ഥാപിക്കും.
ജില്ലയുടെ മുഴുവൻ പ്രദേശങ്ങളിലും ഇന്റർനെറ്റ് ശേഷി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ കമ്പനികളുടെ യോഗം വിളിച്ചു ചേർക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു.

കടൽ ക്ഷോഭത്തിൽ തകർന്ന തീരദേശത്തിന്റെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപയുടെ പ്രവൃത്തികൾ നടന്നു വരികയാണ്. ആകെയുള്ള എട്ട് പ്രവൃത്തികളിൽ മൂന്നെണ്ണം പൂർത്തീകരിച്ചു കഴിഞ്ഞു. കാപ്പാട് - കൊയിലാണ്ടി റോഡിന്റെ നവീകരണത്തിന് 5.4 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. 
താമരശ്ശേരി ചുരം തുരങ്ക പാതയുടെ പരിസ്ഥിതി ആഘാത പഠനം ആഗസ്റ്റ് ഒടുവിൽ പൂർത്തിയാകും. വനം അനുമതിക്കുള്ള അപേക്ഷയും സമർപ്പിച്ചു. 

കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നോടിയായി എല്ലാ ആശുപത്രികളിലും ശിശുരോഗ പരിചരണ വിഭാഗം ശക്‌തിപ്പെടുത്തും. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ ഐസൊലേഷൻ സെന്ററുകളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ ബ്ലോക്കും നിർമ്മിക്കും. ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് താല്കാലികമായി മാറ്റും.

ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ പ്രശാന്തി ഗാർഡൻ ശ്മശാനം ജൂലൈയിൽ പൂർത്തിയാവും. ശ്മശാനത്തിന്റെ ആദ്യഘട്ട പ്രവർത്തി 90 ശതമാനവും രണ്ടാംഘട്ട പ്രവർത്തി 30 ശതമാനവും പൂർത്തിയായിട്ടുണ്ട്. ഫർണസ്, ചിമ്മിനി എന്നിവ ഇൻസ്റ്റലേഷൻ സ്റ്റേജിൽ ആണെന്നും മെക്കാനിക്കൽ പ്രവർത്തികൾ അടക്കം  ഉടൻ പൂർത്തിയാക്കാൻ സാധിക്കുമെന്നും എൽ. എസ്. ജി. ഡി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

 വടകരയിൽ കടലാക്രമണം തടയുന്നതിനായി 52 ലക്ഷം രൂപയുടെ പ്രവർത്തി ആരംഭിച്ചു. 65 ലക്ഷം രൂപയുടെ മറ്റൊരു പ്രവർത്തിയുടെ ടെൻഡർ അംഗീകാരത്തിനായി സമർപ്പിച്ചതായി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

യോഗത്തിൽ എം.എൽ.എമാരായ ഇ.കെ വിജയൻ, പി.ടി.എ റഹീം, അഡ്വ. കെ.എം സച്ചിൻദേവ്, ലിന്റോ ജോസഫ്, കെ.കെ രമ, ഡോ. എം.കെ മുനീർ,  ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, സബ് കലക്ടർ ജി. പ്രിയങ്ക, പ്ലാനിംഗ് ഓഫീസർ ടി. ആർ മായ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date