Skip to main content

ജില്ലയില്‍ 30 പച്ചത്തുരുത്തുകള്‍ കൂടി

ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍  30  പച്ചത്തുരുത്തുകളുടെ നടീല്‍ ഉത്സവത്തിന് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. ദേവഹരിതം പച്ചത്തുരുത്ത് നടീല്‍ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതാഴം കുളപ്രം കാവില്‍ എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു.
ജില്ലയില്‍ 36 പഞ്ചായത്തുകളിലായി 68 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. ഏറ്റവും വലിയ ഒറ്റ  പച്ചത്തുരുത്തുള്ളത് മുഴക്കുന്ന്, കടന്നപ്പള്ളി പഞ്ചായത്തുകളിലാണ്. ഏറ്റവും കൂടുതല്‍ എണ്ണം പച്ചത്തുരുത്തുകള്‍ വളരുന്നത് കുറുമാത്തൂര്‍ പഞ്ചായത്തിലും. പച്ചത്തുരുത്തൊരുക്കിയതില്‍ വിസ്തീര്‍ണ്ണത്തില്‍ മുന്നില്‍ ചെറുതാഴം ഗ്രാമ പഞ്ചായത്താണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നത് മയ്യില്‍ ഗ്രാമപഞ്ചായത്തിലാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേതിക സഹായത്തോടെയാണ് ജില്ലയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കുന്നത്. ജൈവവേലി നിര്‍മ്മാണം, തണലൊരുക്കല്‍ എന്നിവയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം  പച്ചത്തുരുത്തുകളിലെ ചെടികളുടെ വളര്‍ച്ച അടയാളപ്പെടുത്തുന്ന മൂല്യനിര്‍ണയം പച്ചത്തുരുത്തുകളുടെ നിര്‍വഹണത്തിന്റെ പ്രത്യേകതയാണ്. സംസ്ഥാന തലത്തിലുള്ള  വിദഗ്ധ സംഘമാണ് മൂല്യനിര്‍ണയം നടത്തുന്നത്.
ചെറുതാഴത്ത് ഒരേക്കര്‍ സ്ഥലത്ത് ഫലവൃക്ഷത്തൈകള്‍, ഔഷധസസ്യങ്ങള്‍, തണല്‍ മരങ്ങള്‍ എന്നിവയാണ് നട്ടുപിടിപ്പിച്ചത്. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് പി പി രോഹിണി, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ വി രവീന്ദ്രന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date