Skip to main content

കുടുംബശ്രീ പെണ്‍മരം; മണ്ണില്‍ വേരുറപ്പിച്ചത് അഞ്ച് ലക്ഷം പ്ലാവിന്‍തൈകള്‍

 

 

കുടുംബശ്രീയുടെ കരുത്തില്‍ പെണ്‍കരങ്ങളിലൂടെ മണ്ണില്‍ വേരുറപ്പിച്ചത് അഞ്ച് ലക്ഷം പ്ലാവിന്‍തൈകള്‍. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. 

ജില്ലയിലെ 1,74,838 കുടുംബശ്രീ അംഗങ്ങളും 16,485 ബാലസഭാ കുട്ടികളും കുടുംബാംഗങ്ങളുമെല്ലാം  പദ്ധതിയുടെ ഭാഗമായി വീട്ടുപരിസരങ്ങളില്‍ പ്ലാവിന്‍ തൈ നട്ടു. പ്ലാസ്റ്റിക് ഒഴിവാക്കി കമുകിന്‍ പാള, ഇളനീര്‍ത്തൊണ്ട് തുടങ്ങിയവയില്‍ ഒരുമാസം കൊണ്ട് മുളപ്പിച്ചെടുത്ത തൈകളാണ് ജില്ലയുടെ എല്ലാ മേഖലയിലുമെത്തിച്ചത്. തൈകള്‍ നടുന്നതിനൊപ്പം അതിന്റെ പരിപാലനവും കുടുംബശ്രീ ഉറപ്പുവരുത്തുന്നുണ്ട്. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.കെ.എം. അഷ്‌റഫ്, എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം.എല്‍.എമാരും കുടുംബാംഗങ്ങളും വീട്ടുവളപ്പില്‍ പെണ്‍മരം നട്ടുപിടിപ്പിച്ചു. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ സ്വാഗതവും കയ്യൂര്‍ ചീമേനി പഞ്ചായത്ത് സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സി.ടി.ശ്രീലത നന്ദിയും പറഞ്ഞു. നാളത്തെ തലമുറയ്ക്ക് ഇന്നത്തെ കരുതല്‍ എന്ന സന്ദേശമുയര്‍ത്തിയാണ് പെണ്‍മരം പദ്ധതി ആവിഷ്‌കരിച്ചത്. വരും തലമുറക്കായി പ്രകൃതി വിഭവങ്ങള്‍ കരുതിവെക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

date