Skip to main content

പരിസ്ഥിതി ചിന്തകള്‍ ഒരു ദിവസത്തേക്ക് ചുരുക്കാനുള്ളതല്ല: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

പരിസ്ഥിതി ചിന്തകള്‍ ഒരു ദിവസത്തേക്ക് ചുരുക്കാനുള്ളതല്ലെന്നും നട്ടുപിടിപ്പിക്കുന്ന തൈകള്‍ പരിരക്ഷിക്കാന്‍ ശ്രദ്ധ വേണമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്റെ പെണ്‍മരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാസര്‍കോട്ടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കോവിഡ് കാലത്തും വിശ്രമമില്ലാതെ നിരന്തര ഇടപെടലുകളാണ് നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് ഭാവിയിലേക്കുള്ള കരുതല്‍ ലക്ഷ്യമിട്ടുള്ള പെണ്‍മരം പദ്ധതി. അഞ്ച് ലക്ഷം പ്ലാവിന്‍ തൈകള്‍ നട്ട് അതില്‍ കായ് ഫലം ഉണ്ടാകുമ്പോള്‍ അത് വരും തലമുറക്ക് ഉപകാരപ്പെടും. കാലാവസ്ഥാ വ്യതിയാനമുണ്ടാകുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന് വനവത്കരണം ആവശ്യമാണ്. മിയാവാക്കി വനങ്ങള്‍ ഇതിന് മാതൃകയാണെന്നും സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായ കുടുംബശ്രീ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തി കുതിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

മാതൃകാപരമായ പ്രവര്‍ത്തനമാണ് പരിസ്ഥിതി ദിനത്തില്‍ കുടുംബശ്രീ നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. 200 ലധികം ഉത്പന്നങ്ങള്‍ ചക്കയിലൂടെ സാധിക്കുമെന്ന് കാസര്‍കോട്ടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരത്തെ തെളിയിച്ചതാണെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. പടര്‍ന്നു പന്തലിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും നാടിന്റെ നാനാഭാഗത്തും പ്ലാവിന്‍തൈകള്‍ നടുന്നതിലൂടെ ഈ പരിസ്ഥിതി ദിനം നാടിന് നല്‍കുന്ന ഈടുവെപ്പായി മാറുകയാണെന്നും ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. 

അഭിനന്ദനാര്‍ഹമായ കാമ്പയിന്‍ ആണ് കുടുംബശ്രീയുടെ പെണ്‍മരമെന്നും കാലാവസ്ഥ അപകടകരമായ കാലത്ത് അതിനെ അതിജീവിക്കാന്‍ പരിസ്ഥിതി സംരക്ഷണം അത്യാവശ്യമാണെന്നും എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. പരിസ്ഥിതി താളം തെറ്റിയതിന്റെ ദുരന്തം ലോകമാകെ അനുഭവിക്കുകയാണെന്നും വരും തലമുറക്ക് കരുതലാകുന്ന പദ്ധതിയാണ് പെണ്‍മരമെന്നും എ.കെ.എം.അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. 

ഭൂമിയെ സംരക്ഷിച്ചാല്‍ മാത്രമേ നിലനില്‍പ്പുള്ളൂവെന്നത് അനുഭവമാണെന്നും മിയാവാക്കി വനങ്ങള്‍ പോലുള്ളവ അത്യാവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ആവാസ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയണമെന്നും പ്ലാവിന്‍ തൈകള്‍ നട്ടുവളര്‍ത്തുന്നത് വഴി ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൂടി വിപണിയിലെത്തിക്കാന്‍ കഴിയുമെന്നും പ്രസിഡന്റ്  കൂട്ടിച്ചേര്‍ത്തു.

date