Skip to main content

പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ 33 പച്ചത്തുരുത്തുകൾക്കു തൈനട്ടു

ലോക പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ വിവിധയിടങ്ങളിലായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 33 പച്ചത്തുരുത്തുകൾ സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 

 

പരിസ്ഥിതി സംരക്ഷണം ദിനചര്യയുടെ ഭാഗമാക്കണമെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. വിദ്യാർഥി സമൂഹം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചാല ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി. തൈകൾ നട്ടുപിടിപ്പിക്കുന്നതിനൊപ്പം അവയുടെ പരിപാലനത്തിനും സംരക്ഷണത്തിനും കോർപറേഷൻ പ്രാധാന്യം നൽകുമെന്ന് മേയർ പറഞ്ഞു. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണു പച്ചത്തുരുത്തുകൾ നിർമിക്കുന്നത്.

 

കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സലിം, വാർഡ് കൗൺസിലർ എസ്. കൃഷ്ണകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ ഫെലിസിയ ചന്ദ്രശേഖരൻ, െഹഡ്മിസ്ട്രസ്സ് കുമാരി ലതിക, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ, അയ്യങ്കാളി തൊഴിലുറപ്പ് പ്രോജക്ട് ഓഫിസർ ജി.എസ്. അജികുമാർ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവർസിയർ എസ്. അജീഷ്, കോർപറേഷൻ ഹെൽത്ത് സെക്രട്ടറിമാരായ പ്രകാശ്, ബിജു,എസ് എം സി ചെയർമാൻ എം.സന്തോഷ്, സ്‌കൂൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

 

ഏഴു സെന്റിൽ 15 ഇനത്തിലുള്ള 113 തൈകളാണു ചാല സ്‌കൂളിൽ നടുന്നത്. എസ്.പി.സി., എൻ.എസ്.എസ്., സന്നദ്ധ സംഘടനകൾ, എസ്.എം.സി., പി.റ്റി.എ. എന്നിവയുടെ  നേതൃത്വത്തിൽ തുടർപരിപാലന പ്രവർത്തനങ്ങൾ നടത്തും. തിരുവനന്തപുരം കോർപറേഷനു പുറമേ ജില്ലയിലെ 28 ഗ്രാമപഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് പച്ചത്തുരുത്തുകൾ നിർമിക്കുന്നത്. 

date