Skip to main content

ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളിൽ  പരിശോധന കൂട്ടണം : ജില്ലാ കളക്ടർ 

 

ആലപ്പുഴ : കോവിഡ് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ഗ്രാമപഞ്ചായത്തുകൾ കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടാൻ നിർദ്ദേശം നൽകി ജില്ലാ കളക്ടർ എ അലക്സാണ്ടർ. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള 16 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് എന്നിവരുമായി നടത്തിയ യോഗത്തിലായിരുന്നു നിർദേശം.

കോവിഡ് ബാധിക്കുന്നവർക്ക് വീടുകളിൽ താമസ സൗകര്യം ഇല്ലെങ്കിൽ അവരെ ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. വീടുകളിൽ കൂടുതൽ അംഗങ്ങൾ ഉള്ളവർ, തീര മേഖലയിൽ താമസിക്കുന്നവർ എന്നിവർ കോവിഡ് പോസിറ്റീവായാൽ നിർബന്ധമായും ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദ്ദേശിച്ചു.
ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ ഇനിയും ആരംഭിക്കാത്ത ഗ്രാമപഞ്ചായത്തുകൾ ഉടൻതന്നെ ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കണം. സമ്പർക്ക വിലക്കിൽ കഴിയുന്നവരും, പോസിറ്റീവ് ആയവരും വീടുകളിൽ തന്നെ കഴിയുന്നുണ്ടെന്ന് പഞ്ചായത്തുകൾ ഉറപ്പാക്കണം. നിയന്ത്രിത മേഖല പ്രദേശങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരും പോലീസും കൂടുതൽ ശ്രദ്ധ ചെലുത്തണം. നിയന്ത്രിത മേഖല പ്രദേശങ്ങളിൽ നിന്നും ആരും പുറത്തിറങ്ങുന്നില്ല എന്നും അവിടേക്ക് പുറത്ത് നിന്നും ആരും പ്രവേശിക്കുന്നില്ല എന്നും ഉറപ്പാക്കണം.

ആർ. ആർ. ടി. അംഗങ്ങളുടെ സേവനവും പഞ്ചായത്ത്‌ തലത്തിൽ മെച്ചപ്പെടുത്തണം. സെക്ടർ മജിസ്ട്രേറ്റുമാർ, ആരോഗ്യ വകുപ്പ്  ഉദ്യോഗസ്ഥർ, നോഡൽ ഓഫീസർമാർ എന്നിവർ എല്ലാദിവസവും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം . പരിശോധനക്കെന്ന പേരിൽ പുറത്ത് ഇറങ്ങി നടക്കുന്നത് രോഗ വ്യാപനം കൂടാൻ ഇടയാക്കുമെന്നും അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പഞ്ചായത്തുകൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ പല പഞ്ചായത്തുകളിലും ടി പി ആർ താഴേക്ക് വന്നത്  നല്ല സൂചനയാണ്. ടി പി ആർ റേറ്റ് ഇനിയും കുറയ്ക്കാനായി എല്ലാവരും കൂട്ടായി പ്രവർത്തിക്കണമെന്നും കളക്ടർ പറഞ്ഞു. ഓൺലൈനായി നടന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, മെഡിക്കൽ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ , പഞ്ചായത്ത് ഉപഡയറക്ടർ എന്നിവർ പങ്കെടുത്തു.
 

date