Skip to main content

ജൂണ്‍ 12 അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം: പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 26 കുട്ടികളെ  ബാലവേലയില്‍ നിന്ന് മോചിപ്പിച്ചു 

ബാലവേല നിരോധന നിയമം നടപ്പിലാക്കിയ നാള്‍ മുതല്‍ പത്തനംതിട്ട ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുഖേന ജില്ലയില്‍ ബാലവേല തടയുന്നതിനും ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടികളെ മോചിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വന്നിരുന്നെങ്കിലും, 2014 ല്‍ സംസ്ഥാനമാകെ നിലവില്‍ വന്ന ശിശു സംരക്ഷണ യൂണിറ്റ് മുഖേനെ ബാലവേല നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. 

ബാലവേല ഫലപ്രദമായി തടയുന്നത് മാത്രമല്ല, ഇത്തരം കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സ്വീകരിച്ചുവരുന്നു. ബാലവേലയില്‍ എത്തിപ്പെടുന്ന കുട്ടികളെ ബാലനീതി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ബാലവേലയില്‍ കുട്ടികളെ എത്തിക്കുന്ന വ്യക്തികള്‍, ഏജന്‍സികള്‍ എന്നിവര്‍ക്കെതിരേ ബാലനീതി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്തുവരുന്നു. 

14 വയസിനു മേല്‍ പ്രായമുളള കുട്ടികളെ അപകടകരമല്ലാത്ത സാഹചര്യത്തില്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ ജോലികള്‍ ചെയ്യിക്കാമെന്ന് ബാലവേല നിരോധന നിയമത്തില്‍ പറഞ്ഞിരിക്കുന്നതിനെ തെറ്റായി വ്യാഖ്യാനിച്ച് ജില്ലയില്‍ ചില വ്യവസായ ശാലകളിലും ഹോട്ടലുകളും കുട്ടികളെ ജോലി ചെയ്യിച്ചത് തടയാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. കൃത്യമായ നിയമ ബോധവത്കരണ പരിപാടികളിലൂടെ ജില്ലയില്‍ ബാലവേല ഒരു പരിധിവരെ തടയാനും കഴിഞ്ഞു. ജില്ലയില്‍ അധികമായി ബാലവേല നടന്നിരുന്നത് മണ്ഡലകാലത്ത് ശബരിമല കേന്ദ്രീകരിച്ചും, കണ്‍വന്‍ഷനുകള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ചാണ്. 2016 മുതല്‍ 26 കുട്ടികളെ ബാലവേലയില്‍ നിന്ന് മോചിപ്പിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേനെ പുനരധിവസിപ്പിച്ചിട്ടുണ്ട്.

 

ബാലവേല തടയുന്നതിനായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേനെ ലഭ്യമാകുന്ന സേവനങ്ങള്‍

 

1. ബാലവേല സംബന്ധിച്ച് വിവരം ലഭിച്ചാല്‍, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ സ്ഥലത്ത് എത്തി നിയമലംഘനം നടന്നതായി ബോദ്ധ്യപ്പെട്ടാല്‍ തൊഴിലുടമയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യും. 

 

2. കുട്ടികളെ മോചിപ്പിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി സംരക്ഷണം ഉറപ്പാക്കുന്നു.

 

3. കുട്ടികളുടെ സാഹചര്യം മനസിലാക്കി തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കി സംരക്ഷണ ചുമതല നിര്‍വഹിക്കും.

 

4. ജില്ലയ്ക്ക് പുറത്തുനിന്നുള്ള കുട്ടികളാണെങ്കില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുഖേനെ അവരുടെ സ്വദേശത്തേക്ക്  പുനരധിവസിപ്പിക്കുന്നതിനാവശ്യമായ ക്രമീകരണം നടത്തും. 

 

5. കുട്ടികളുടെ സ്വന്തം സ്ഥലങ്ങളിലെ ശിശു സംരക്ഷണ യൂണിറ്റ് വഴി അവരുടെ വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പാക്കുന്നു.

 

6. തുടര്‍ പഠനം സാധ്യമാകാത്ത കുട്ടികള്‍ ആണെങ്കില്‍ തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനാവശ്യമായ സേവനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.

 

7. 1098 എന്ന നമ്പറില്‍ ചൈല്‍ഡ് ലൈനില്‍ ലഭിക്കുന്ന വിവരങ്ങളുടെയും തുടര്‍ നടപടികള്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേനെ നടപ്പിലാക്കുന്നു.

 

കുട്ടികള്‍ക്ക് മേല്‍പറഞ്ഞ സേവനങ്ങള്‍ നല്‍കുന്നതിന് ജില്ലാ ഭരണകേന്ദ്രം, ലേബര്‍ ഡിപാര്‍ട്ട്‌മെന്റ്, പോലീസ്, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കുട്ടിയുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നു. പത്തനംതിട്ട ജില്ലയില്‍ ബാലവേലയില്‍ നിന്ന് മോചിപ്പിച്ച കുട്ടികളില്‍ 75% ഇതര സംസ്ഥാനക്കാരായ കുട്ടികളാണ്.  ദാരിദ്ര്യം, മാതാപിതാക്കളുടെ വിദ്യാഭ്യാസമില്ലായ്മ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാത്ത അവസ്ഥ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍,

കുട്ടി ആയിരിക്കുമ്പോഴെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട അവസ്ഥ, പഠനത്തിന് സമയം കളയാതെ എളുപത്തില്‍ പണം സമ്പാദിക്കാനുള മാര്‍ഗ്ഗമായി കരുതി വരുന്നവര്‍, ചില വ്യക്തികള്‍, ഏജന്‍സികളുടെ ഇടപെടലുകളില്‍ വീഴുന്നവര്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍.

ബാലവേല  ശ്രദ്ധയില്‍ പെട്ടാല്‍ 0468231 9998, 1098 എന്നീ നമ്പരുകളിലോ dcpupta@ gmail.com എന്ന മെയില്‍ ഐഡിയിലോ അറിയിക്കണമെന്നും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാ ദാസ് അറിയിച്ചു.

date