Skip to main content

പ്രത്യേക വാക്സിനേഷൻ പദ്ധതിക്ക് രൂപം നൽകി 

എറണാകുളം: ജില്ലയിൽ സമൂഹത്തിലെ പാർശ്വവത്കൃത വിഭാഗത്തിനും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പ്രാമുഖ്യം നൽകി പ്രത്യേക വാക്സിനേഷൻ പദ്ധതിക്ക് രൂപം നൽകി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അവതരിപ്പിച്ച ഈ പദ്ധതി 100 ശതമാനം സ്പോട്ട് വാക്സീൻ സ്ലോട്ടുകൾ അനുവദിക്കുന്നതാണ്. ആദ്യ ഡോസ് സ്വീകരിച്ച് 90 ദിവസം കഴിഞ്ഞവർക്കും പദ്ധതി പ്രകാരം മുൻഗണന ലഭിക്കും. 
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആർ.ആർ.ടി, സന്നദ്ധ സേന, അംഗൻവാടി, കുടുംബശ്രീ പ്രവർത്തകർ മുഖാന്തരം പ്രത്യക വാക്സിനേഷൻ പദ്ധതിക്കായി വിവര ശേഖരണം നടത്തി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യും. കുറഞ്ഞ സമയത്തിനുള്ളിൽ ഇതുവഴി പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് വാക്സീൻ നൽകാൻ സാധിക്കും.
    കിടപ്പ് രോഗികൾ, വികലാംഗർ, തെരുവിൽ കഴിയുന്നവർ, പട്ടികവർഗ വിഭാഗങ്ങൾ, പട്ടികജാതി കോളനി നിവാസികൾ, മറ്റ് കോളനി, ചേരി നിവാസികൾ എന്നിവരാണ് ഈ പദ്ധതി പ്രകാരം മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതൽ പ്രത്യേക പദ്ധതിക്ക് തുടക്കമാകും. 
    കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ കോവിഡ് പരിശോധനാ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാളെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിവിധ പട്ടികകളായി തരംതിരിക്കും. കല്ല്യാണ, മരണ ചടങ്ങുകളിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി നിരീക്ഷണം ശക്തമാക്കും. 
   ജില്ലയിൽ രണ്ട് പേരാണ് കോവിഡിന്റെ രണ്ട് ഡോസ് പ്രതിരോധ വാക്സീൻ സ്വീകരിച്ചിട്ടും മരണമടഞ്ഞത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, എ.ഡി.എം എസ്. ഷാജഹാൻ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date