Skip to main content

കാർഷിക കേരളത്തിന് മാതൃകയായി കുടുംബശ്രീ  സ്ത്രീ കൂട്ടായ്മകൾ കൃഷി ഭുമി വർധിച്ചു

 

ആലപ്പുഴ: ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഉണർവ്വ് പകർന്ന് കുടുംബശ്രീയുട ജെ.എൽ.ജി. (ജോയിന്റ് ലൈബലിറ്റി ഗ്രൂപ്പ് ) ഗ്രൂപ്പുകൾ. ജില്ലയിൽ 5689 ജെ.എൽ.ജി. ഗ്രൂപ്പുകളാണ് നിലവിൽ കാർഷിക രംഗത്തുള്ളത്. ജില്ലയിൽ 1147 ഹെക്ടറിലാണിവർ കൃഷി ചെയ്യുന്നത്. ഓരോ ഗ്രൂപ്പിലും അഞ്ച് അംഗങ്ങളാണ് ഉള്ളത്. കേരളീയരെ കാർഷിക സംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന വലിയ ദൗത്യമാണ് കുടുംബശ്രീ  ഏറ്റെടുത്തിരിക്കുന്നത്. 
ഓരോ വർഷവും കൃഷി ഭൂമിയുടെയും ജെ.എൽ.ജി. ഗ്രൂപ്പിന്റെയും എണ്ണത്തിൽ വൻവർദ്ധനവാണുണ്ടായത്.  2017ൽ 3840 ഗ്രൂപ്പുകൾ ഉണ്ടായിരുന്നത് 2018 ആയപ്പോഴേക്കും 4399 ഗ്രൂപ്പായും 2019ൽ 5420 ഗ്രൂപ്പായും കഴിഞ്ഞ വർഷം അത് 5689 എണ്ണമായും വർദ്ധിച്ചു. 2017ൽ 211 ഹെക്ടറിലായിരുന്നു കൃഷി. 2018ലത് 986 ഹെക്ടറായും 2019ൽ 1027 ഹെക്ടറായും വർദ്ധിച്ചു. 
ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്ഥലങ്ങളുടെ പരിസ്ഥിതി അനുസരിച്ചാണ് വിളകൾ കൃഷി ചെയ്യുന്നത്. പ്രധാനമായി നെല്ലും പച്ചക്കറിയും കിഴങ്ങ് വർഗ്ഗങ്ങളുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇവർ കൃഷി ചെയ്യുന്നത്. 296 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി ചെയ്യുന്നത്. വെളിയനാടും ചമ്പക്കുളവുമാണ് നെൽകൃഷിയിൽ മുന്നിൽ നിൽക്കുന്നത്. വെളിയനാട് ബ്ലോക്ക് പരിധിയിൽ 152 ഹെക്ടറിലും ചമ്പക്കുളം ബ്ലോക്ക് പരിധിയിൽ 58 ഹെക്ടറിലുമാണ് കുടുംബശ്രീ നെൽ കൃഷി ചെയ്യുന്നത്.  277 ഹെക്ടറിൽ പച്ചക്കറിയും 266 ഹെക്ടറിൽ കിഴങ്ങ് വർഗങ്ങളും ജില്ലയിൽ കൃഷി ചെയ്യുന്നുണ്ട്. വിവിധ തരത്തിലുള്ള സർക്കാർ ആനുകൂല്യങ്ങളും കൃഷിക്കായി ജെ.എൽ.ജി. ഗ്രൂപ്പുകൾക്ക് ലഭിക്കുന്നുണ്ട്. 
കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാട്ടുചന്തകളാണ് ഉത്പ്പന്നങ്ങൾ വിൽക്കാനായുള്ള പ്രധാന മാർക്കറ്റ്. മാസത്തിൽ നാല് നാട്ടുചന്തകൾ വീതമാണ് സംഘടിപ്പിക്കുന്നത്.
പ്രളയവും കാലാവസ്ഥ പ്രശ്നങ്ങളും പ്രതികൂലമായി ബാധിക്കുമ്പോഴും വർഷംതോറും കൃഷി സ്ഥലങ്ങളുടെയും ജെ.എൽ.ജി. ഗ്രൂപ്പുകളുടെയും എണ്ണം ജില്ലയിൽ വർദ്ധനവാണ് ഉണ്ടാകുന്നത്. ജില്ലയിൽ കൂടുതൽ കൃഷി ഗ്രൂപ്പുകൾ തുടങ്ങാനും കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുമാണ് കുടുബശ്രീ ലക്ഷ്യമിടുന്നത്.

date