Skip to main content

വനമഹോത്സവം: വടകര-മാഹി കനാലിൻ്റെ ഇരുകരകളിലും മരം നട്ടു

 

 

 

 വനം  വകുപ്പ് നടപ്പാക്കുന്ന വനമഹോത്സവത്തിന്റെ ഭാഗമായി വടകര മാഹി കനാലിൻ്റെ ഇരുകരകളിലും ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.  കെ. പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ വൃക്ഷതൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനത്തിൻ്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ഇതര വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ദേശിയ പാത 66 ൻ്റെ ഭാഗമായി വെങ്ങളം രാമനാട്ടുകര ബൈപ്പാസിൻ്റെ നിർമ്മാണത്തിനു വേണ്ടി മുറിച്ചു മാറ്റുന്ന മരങ്ങൾക്ക് പകരം പത്തിരട്ടി മരങ്ങൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വെച്ചു പിടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി വലിയ കൂടുകളിൽ തയ്യാറാക്കിയ തൈകളിൽ 6000 തൈകളാണ് വടകര-മാഹി കനാൽ ഉൾനാടൻ ജലഗതാഗത പാതയുടെ ‌ ഇരുവശത്തും വെച്ചു പിടിപ്പിച്ചത്. പാതയുടെ ഇരുവശത്തും പുഷ്പ ഫല വൃക്ഷങ്ങളായ മന്ദാരം, മണിമരുത്, ഉങ്ങ് തുടങ്ങിയ മരങ്ങളാണ് നട്ടു പിടിപ്പിച്ചത്.  തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം  ശ്രീലത, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സബിതാ മണക്കുനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ,  സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ എം  ജോഷിൽ, ഉൾനാടൻ ജല ഗതാഗത അസി. എക്സി. എഞ്ചിനീയർ ഐ.വി.  സുശിൽ തുടങ്ങിയവർ പങ്കെടുത്തു.

date