ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
പത്തനംതിട്ട ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുളള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജില്ലയിലെ നഗരസഭ കൗണ്‍സിലര്‍മാരുടെ ഒന്ന് വീതം സ്ത്രീ-ജനറല്‍ അംഗങ്ങളെയും തെരഞ്ഞെടുത്ത് രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെയാണു തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.
ജനറല്‍ വിഭാഗത്തില്‍ പത്തനംതിട്ട നഗരസഭ കൗണ്‍സിലറായ പി.കെ.അനീഷിനേയും സ്ത്രീ വിഭാഗത്തില്‍ പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ രാജി ചെറിയാനേയും തെരഞ്ഞെടുത്തു. ജനറല്‍ വിഭാഗത്തില്‍ പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍മാരായ പി.കെ.അനീഷ്, സി.കെ അര്ജുനന് എന്നിവരും സ്ത്രീ വിഭാഗത്തില്‍ തിരുവല്ല നഗരസഭ കൗണ്‍സിലര്‍ സാറാമ്മ ഫ്രാന്‍സിസ്, പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ രാജി ചെറിയാന് എന്നിവരാണ് മത്സരിച്ചത്. ജനറല്‍ വിഭാഗത്തില്‍ ആകെ പോള്‍ചെയ്ത 102 വോട്ടില്‍ 61 വോട്ട് പി.കെ.അനീഷിനും 40 വോട്ട് സി.കെ.അര്‍ജുനനും ലഭിച്ചു. ഒരു വോട്ട് അസാധുവായി. സ്ത്രീ വിഭാഗത്തില്‍ ആകെ പോള്‍ചെയ്ത 102 വോട്ടില്‍ 61 വോട്ട് രാജി ചെറിയാനും 41 വോട്ട് സാറാമ്മ ഫ്രാന്‍സിസിനും ലഭിച്ചു.
ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്.
ജില്ലാ പഞ്ചായത്തംഗങ്ങളെ തെരഞ്ഞെടുക്കുന്നതായിരുന്നു ആദ്യ ഘട്ടം. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ചേര്‍ന്ന് 10 അംഗങ്ങളെയാണ് ആസൂത്രണ കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തത്. ഒരു പട്ടികജാതി സ്ത്രീ, ഒരു പട്ടികജാതി അംഗം, നാലുവീതം സ്ത്രീ-ജനറല്‍ അംഗങ്ങള്‍ എന്നിവരെയാണു തെരഞ്ഞെടുത്തത്.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജി പി രാജപ്പന് (എസ്.സി. വനിത), വി.ടി അജോമോന്‍ (എസ്.സി.ജനറല്‍), ലേഖാ സുരേഷ്, സി.കെ ലതാകുമാരി, സാറാ തോമസ്, ബീനപ്രഭ, ആര്.അജയകുമാര്‍, ജിജി മാത്യു, സി.കൃഷ്ണകുമാര്‍, ജോര്‍ജ് ഏബ്രഹാം എന്നിവരെയാണു തെരഞ്ഞെടുത്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: ഡിപിസി:-
പത്തനംതിട്ട ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്ക് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ജനറല്‍ വിഭാഗത്തില്‍ വിജയിച്ച പി.കെ.അനീഷ്, സ്ത്രീ വിഭാഗത്തില്‍ വിജയിച്ച രാജി ചെറിയാന് എന്നിവര്‍ ജില്ലാ വരണാധികാരിയ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് എന്നിവര്‍ക്കൊപ്പം.
ഡിപിസി 1, 2:- പത്തനംതിട്ട ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ജില്ലാ വരണാധികാരിയ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ നടത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി എന്നിവര്‍ സമീപം.
ഡിപിസി ഇലക്ഷന്:- പത്തനംതിട്ട ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന അംഗങ്ങള്‍.
(പിഎന്‍പി 2013/21)
ശുചിത്വമിഷന്റെ സഹകരണത്തോടെ വിപുലമായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജില്ലാ ശുചിത്വമിഷന് പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട ജില്ലയില്‍ ശുചിത്വമിഷന്റെ സഹകരണത്തോടെ വിപുലമായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. ജില്ലാ ശുചിത്വമിഷന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി, ആരോഗ്യം, നാടിന്റെ പൊതു പുരോഗതിക്കും ശുചിത്വമിഷനും ഹരിതകേരള മിഷനും നിര്‍ണ്ണായക പങ്ക് വഹിച്ചുവരുന്നു. ജില്ലയില്‍ കൂടുതല്‍ കര്‍മ്മപദ്ധതികള്‍ ശുചിത്വ മിഷന്റെ സഹകരണത്തോടെ തയാറാക്കി വരുകയാണ്. ജില്ലാ പ്ലാനിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഉടനീളം ശുചിത്വ മിഷന്റെ ബൃഹത്തായ പദ്ധതി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണം ഉണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പത്തനംതിട്ടയിലെ പുതിയ ഓഫീസ് കെട്ടിടത്തില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വീടുകളില്‍ ഉപയോഗിക്കാവുന്ന വിവിധ തരത്തിലുള്ള സംസ്കരണ ഉപാധികള്‍, കമ്മ്യൂണിറ്റിതല സംസ്കരണ ഉപാധികളായ തുമ്പൂര്‍മൂഴി, ബയോഗ്യാസ് എന്നിവയുടെ മാതൃകകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഹരിത ഓഫീസ് എന്ന നിലയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ഡിസ്പോസിബിള്‍ വസ്തുക്കള്‍ എന്നിവ ഒഴിവാക്കിയുള്ള പ്രവര്‍ത്തനവും ശുചിത്വ മാലിന്യ സംസ്ക്കരണത്തിന്റെ അവബോധ സന്ദേശങ്ങളും മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്. പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഓഫീസ് മാതൃകയും പൊതുജനങ്ങള്‍ക്ക് നേരിട്ടുകണ്ട് മനസിലാക്കാനാകും. പത്തനംതിട്ട കോളേജ് റോഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമാണു പുതിയ ഓഫീസ്.
ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ്കുമാര്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ശുചിത്വ മിഷന് അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും ശുചിത്വ അവബോധം പൊതുജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ ശുചിത്വ മിഷന് കഴിഞ്ഞുവരുന്നതായും ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ്കുമാര്‍ പറഞ്ഞു. എഡിസി ജനറല്‍ കെ.കെവിമല് രാജ്, ഡിഡിപി കെ.ആര് സുമേഷ്, ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്.രാജേഷ്, ക്ലീന്‍ കേരള കമ്പനി മാനേജര്‍ എം.ബി ദിലീപ് കുമാര്‍, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ അനു, അസി. പ്രോജക്ട് ഓഫീസര്‍ പി.എന്‍.ശോഭന, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്സി. എന്‍ജിനീയര്‍ വി.സുചിത്ര, ഐഡിബിഐ ബാങ്ക് മാനേജര്‍ മനു കെ.മാത്യു, അജയ്, സക്കറിയ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments