Skip to main content

കോവിഡ് രോഗികളുടെ വര്‍ധനവ്: ആരോഗ്യ ജാഗ്രത ഊര്‍ജിതപ്പെടുത്തണം

ജില്ലയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലും രോഗസ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തിന് കൂടുതലുമായതിനാല്‍ രോഗവ്യാപനം തടയാന്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന  അറിയിച്ചു. കോവിഡിനെതിരെയുള്ള പ്രാഥമിക പ്രതിരോധ മാര്‍ഗങ്ങളായ കൈകഴുകല്‍, മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങി എല്ലാ ശീലങ്ങളും കര്‍ശനമായി പാലിക്കണം. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ഇതര സാഹചര്യങ്ങള്‍ മൂലം രോഗം ബാധിക്കാന്‍ സാധ്യതയുള്ളവര്‍ തുടങ്ങിയവര്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കണം. രോഗം വന്നാല്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലാകാന്‍ സാധ്യതയുള്ളവര്‍, പ്രായം കൂടിയവര്‍, കുട്ടികള്‍, ഇതര രോഗങ്ങളുള്ളവര്‍ എന്നിവരെ രോഗപകര്‍ച്ച സാധ്യതകളില്‍ നിന്ന് മാറ്റിനിര്‍ത്തി റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗപകര്‍ച്ച കുറക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടത് കോവിഡ് പരിശോധന നടത്തി രോഗം ആദ്യം തന്നെ കണ്ടു പിടിക്കുകയും പോസിറ്റീവ് ആകുന്നവരെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാത്ത വിധം പാര്‍പ്പിച്ച് ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യുക എന്നതാണ്.  ചെറിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് പോലും ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമാകുന്നതിനാല്‍ ചെറിയ രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ വ്യക്തി സ്വയം ആര്‍.ആര്‍.ടി യെയോ (ദ്രുത കര്‍മ്മ സേന) ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിച്ച് കോവിഡ് പരിശോധനക്ക് വിധേയരാകണം. കോവിഡ് രോഗം വന്നതിന് ശേഷം വീടുകളില്‍ ക്വാറന്റൈനിലിരിക്കുന്നവര്‍ രോഗം ഗുരുതരമാകുന്ന സാഹചര്യത്തില്‍ ഉടന്‍ ബ്ലോക്ക്തല കോവിഡ് കണ്‍ട്രോള്‍ സെല്ലില്‍ വിവരമറിയിച്ച് സി.എഫ്.എല്‍.ടി.സിയിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറി താമസിച്ച് ആവശ്യമായ ചികിത്സ തേടണം.

 കോവിഡ് രോഗബാധയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും പ്രധാനമായ മാര്‍ഗം വാക്‌സിന്‍ സ്വീകരിക്കുക എന്നതാണ്. പഞ്ചായത്ത് ജനപ്രതിനിധികള്‍ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ 18 വയസിന് മുകളിലുള്ള എല്ലാ വ്യക്തികളെയും www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്യിക്കണം. ഓരോ പഞ്ചായത്തിലും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ ലഭ്യമാകുന്നതിനനുസരിച്ച് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാം. ജില്ലയില്‍ മൂന്നാം തരംഗം ഉണ്ടാകുന്നത് തടയുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

date