Skip to main content

സിക്ക വൈറസിനെതിരെ ജാഗ്രത പാലിക്കുക - ഡി.എം.ഒ

 

സംസ്ഥാനത്ത് സിക്കാ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍              ഡോ. ആര്‍. രേണുക അറിയിച്ചു.  സാധാരണ രീതിയില്‍ വളരെ ലഘുവായ രീതിയില്‍ വന്നു പോവുന്ന ഒരു വൈറസ് രോഗമാണിത്. പ്രധാനമായും ഈഡിസ് കൊതുകുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്.  രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഇത്തരം കൊതുകുകള്‍ സാധാരണ മനുഷ്യനെ കടിക്കുന്നത്. രോഗബാധിതരായ ഗര്‍ഭിണിയില്‍ നിന്നും കുഞ്ഞിലേക്കും, ലൈംഗീക ബന്ധത്തിലൂടെയും അസുഖം പകരാന്‍ സാധ്യതയുണ്ട്.   ഗര്‍ഭിണികളില്‍ വളര്‍ച്ചയെത്താതെയുള്ള പ്രസവം, അബോര്‍ഷന്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

 നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.  എങ്കിലും 80 ശതമാനം രോഗികളിലും ശ്രദ്ധേയമായ ലക്ഷണങ്ങള്‍ ഉണ്ടാവാറില്ല.  സിക്കാവൈറസിനെ നശിപ്പിക്കുന്ന ഫലപ്രദമായ ആന്റിവൈറസ് മരുന്നുകളോ, ഇതിനെതിരെയുള്ള വാക്‌സിനുകളോ നിലവില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. രോഗ ലക്ഷണങ്ങള്‍ക്ക് അനുസൃതമായ ചികിത്സയാണ് രോഗിക്ക് നല്‍കുന്നത്.  കൂടാതെ ശരിയായ രീതിയിലുള്ള  ഭക്ഷണവും വിശ്രമവും അനിവാര്യമാണ്.

 

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകള്‍ തന്നെയാണ് ഈ രോഗവും പരത്തുന്നത്.  കൊതുക് കടി ഏല്‍ക്കാതെ സൂക്ഷിക്കുക.  കൊതുക് നശീകരണ പ്രവര്‍ത്തനം, കൊതുകിന്റെ പ്രജനനസ്ഥലങ്ങള്‍ ഇല്ലാതാക്കുക എന്നിവയാണ് നിയന്ത്രണമാര്‍ഗ്ഗങ്ങള്‍. കൊതുക് ജന്യരോഗമായതിനാല്‍ വീടും പരിസരവും കൊതുക് പെരുകുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും, സംശയകരമായ രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date