Skip to main content

പരിസ്ഥിതി സംരക്ഷണത്തിന് കുട്ടികള്‍ മുന്‍കൈ എടുക്കണം  : ജില്ലാ കളക്ടര്‍

പരിസ്ഥിതി സംരക്ഷണത്തിന് കുട്ടികള്‍ മുന്‍കൈ എടുക്കണമെന്ന്  ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണം വെറും ഒരു ദിവസത്തെ ആഘോഷത്തില്‍ ഒതുക്കേണ്ട ഒന്നല്ല, അത് ജീവിതത്തില്‍ പകര്‍ത്തേണ്ട മഹത്തായ സന്ദേശമാണ്. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമും, വനം- വന്യജീവി വകുപ്പും സംയുക്തമായി കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.   ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ എന്നതാണ് ഇത്തവണത്തെ ദിനാചരണസന്ദേശം. പരിസ്ഥിതി സംരക്ഷണം നോക്കിലും വാക്കിലും വരേണ്ട ഒന്നാണ്, അത് തുടങ്ങേണ്ടത് സ്വന്തം വീട്ടിലും, പറമ്പിലും നിന്നാണ്, ഒരു മരം നടുന്നത് കൊണ്ട് മാത്രം അത് തീരുന്നില്ല, ജീവിതത്തില്‍ പകര്‍ത്തിയാല്‍ മാത്രമേ അവയ്ക്ക് അര്‍ഥമുണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 
ജില്ലാ കളക്ടര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, എ.പി ജയന്‍ തുടങ്ങിയവര്‍ സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടു.  
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ ജയകുമാര്‍, ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, ഡോ.എം.എസ് സുനില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സസ്യ സജീവ്, കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.പി സാംകുട്ടി, പ്രിന്‍സിപ്പല്‍ ഷൈനി ജോണ്‍സണ്‍, നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ ബി.ബിജുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
സംസ്ഥാന സര്‍ക്കാരിന്‍റെ ജീവിതപാഠം എന്ന മുഖ്യമന്ത്രിയുടെ കത്ത് അടങ്ങിയ പുസ്തകവും, പരിസ്ഥിതി ചിത്രരചനാമത്സരവിജയികള്‍ക്കുള്ള അവാര്‍ഡും, കാവ് സംരക്ഷണ രംഗത്തെ മികവുകള്‍ക്കുള്ള പുരസ്കാരവും ചടങ്ങില്‍ കളക്ടര്‍ വിതരണം ചെയ്തു.  
പത്തനംതിട്ട ബസ് സ്റ്റാന്‍ഡ് പരിസരത്ത് തയ്യാറാക്കിയ വിശാല ക്യാന്‍വാസില്‍ വിദ്യാര്‍ഥികളും പരിസ്ഥിതി സ്നേഹികളും ചിത്രരചന നടത്തി. തുടര്‍ന്ന് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച പരിസ്ഥിതി സന്ദേശ റാലി നഗരം ചുറ്റി കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു. വിവിധ സ്കൂളില്‍ നിന്നുള്ള എന്‍.എസ്.എസ് അംഗങ്ങളും, എന്‍.സി.സി കേഡറ്റുകളും റാലിയില്‍ പങ്കെടുത്തു.                             (പിഎന്‍പി 1437/18)

date