Skip to main content

എ.എ.വൈ വിഭാഗത്തിന്റെ ജീവിത നിലവാരം; ജില്ലയില്‍ സര്‍വ്വേ പുരോഗമിക്കുന്നു

ഗ്രാമവികസന വകുപ്പ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റാറ്റിസ്റ്റിക് വകുപ്പ്, കുടംബശ്രീ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എഎവൈ വിഭാഗത്തിന്റെ ജീവിത നിലവാര സര്‍വേ പുരോഗമിക്കുന്നു. ജൂലൈ 31 ഓടെ സര്‍വേ അവസാനിക്കും. കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തിലാണ് വിവരശേഖരണം നടക്കുന്നത്.
ഗ്രാമീണ കുടുംബങ്ങളുടെ ഇല്ലായ്മകളില്‍ നിന്നും അന്തസ്സുള്ള ജീവിത ശൈലിയിലേക്ക് വഴി മാറ്റുന്ന പരിവര്‍ത്തന പ്രക്രിയയില്‍ അവര്‍ക്ക് ലഭ്യമാകുന്ന പ്രയോജനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ശാസ്ത്രീയ സര്‍വ്വേ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ആവശ്യമാണ്. ഇതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ് 2011 ലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്താനാണ്   ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പും സംയുക്ത സര്‍വ്വേ നടത്തുന്നത്.

ജില്ലയില്‍ സര്‍വ്വേ  69.01 ശതമാനം പൂര്‍ത്തിയായി

ജൂലൈ ഒന്നിന് ആരംഭിച്ച വിവര ശേഖരണം ഇതുവരെ ജില്ലയില്‍ 69.01 ശതമാനം പൂര്‍ത്തിയായതായി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ. പ്രദീപ് പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ 2011 ലെ സെന്‍സസ് അനുസരിച്ച് എഎവൈ വിഭാഗത്തില്‍ 47050 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 35,000 കുടുംബങ്ങളില്‍ നിന്നും വിവരശേഖരണം പൂര്‍ത്തിയായി. ജില്ലയില്‍ കാറഡുക്ക, കുമ്പഡാജെ, ബള്ളൂര്‍ പഞ്ചായത്തുകളില്‍ വിവരശേഖരണം നൂറ് ശതമാനം പൂര്‍ത്തിയായി.  ജൂലൈ 20 ന് വൈകീട്ട് അഞ്ചോടെ 38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവരശേഖരണം പൂര്‍ത്തീകരിച്ചു. ജില്ലയില്‍ ജൂലൈ 25നകം  വിവരശേഖരണവും കേന്ദ്ര സര്‍ക്കാറിന്റെ സൈറ്റില്‍ വിവരം ചേര്‍ക്കലും പൂര്‍ത്തീകരിക്കും. ജൂലൈ ഒന്നിന് ആരംഭിച്ച വിവര ശേഖരണം ഇതുവരെ ജില്ലയില്‍ 69.01 ശതമാനം പൂര്‍ത്തിയായി.  24.06 ശതമാനം വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തു. ജൂലൈ 31 നകം മുഴുവന്‍ വിവരങ്ങളും അപ്‌ലോഡ് ചെയ്യും.
സര്‍വേയിലെ ചോദ്യാവലിയില്‍ എഎവൈ വിഭാഗത്തിന്റെ ശുദ്ധജല ലഭ്യത, പാര്‍പ്പിടം, ശുചിമുറി സൗകര്യങ്ങള്‍ തുടങ്ങി 38 മാനദണ്ഡങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് മിഷന്‍ അന്ത്യോദയയിലൂടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളില്‍ നിന്ന് വിവരശേഖരണത്തിന് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും ഗുണഭോക്താക്കള്‍ വിവരങ്ങള്‍ നല്‍കി വരുന്നുണ്ടെന്നും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ. പ്രദീപ് പറഞ്ഞു.
വിവരശേഖരണത്തിന് അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളുടെ സഹകരണം ഉപയോഗപ്പെടുത്തുന്നുണ്ട്. വി.ഇ.ഒ മാര്‍ വിവരശേഖരണത്തിലൂടെ കണ്ടെത്തുന്ന വിവരങ്ങള്‍ ബ്ലോക്ക് ബി.ഡിഒമാര്‍ വിലയിരുത്തും. ജില്ലാതലത്തില്‍ പ്രൊജക്ട് ഡയറക്ടര്‍ക്കാണ്  മേല്‍നോട്ട ചുമതല.

date