Skip to main content
ജില്ലാ പഞ്ചായത്ത് രൂപം നൽകിയ ഇന്റേൺഷിപ്പ് പ്രോഗ്രാം ഉദ്യോഗാർഥികൾക്കൊപ്പം  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ.

കാസർകോട് ജില്ലാ പ്രോഗ്രാം കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

ജില്ലയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു തീർക്കേണ്ടതും പുതിയതായി രൂപം നൽകേണ്ടതുമായ പ്രോജക്ടുകൾ ഏകോപിപ്പിക്കാൻ  കാസർകോട് ജില്ലാ പഞ്ചായത്ത് രൂപം നൽകിയ ഇന്റേൺഷിപ്പ് പ്രോഗ്രാം കേന്ദ്രം ജില്ലാ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് കില എക്സ്റ്റൻഷൻ സെൻറർ ഉന്നത നിലവാരമുള്ള സോഷ്യൽ എൻജിനീയറിംഗ് സ്ഥാപനമായി ഉയർത്തുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യപരിപാലനത്തിനും സാമൂഹിക സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകും. ആരോഗ്യപരിപാലനം, സമ്പൂർണ ശുചിത്വം, സാമൂഹിക സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ  നയരൂപീകരണത്തിൽ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിൽ ചെന്നൈ ശ്രീ പെരുമ്പത്തൂരിലുള്ള രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെന്റിലെ പൂർവ വിദ്യാർത്ഥികൾ രൂപം നൽകിയ വൈബ്രന്റ് കമ്മ്യൂണിറ്റി ആക്ഷൻ നെറ്റ് വർക്ക് സോഷ്യൽ എഞ്ചിനീയറിങ്ങ് കൂട്ടായ്മയുമായി ചേർന്നാണ് ഇന്റേൺഷിപ്പ് ആരംഭിക്കുന്നത്.
വികസന നയരൂപീകരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ അടക്കമുള്ള ഈ കൂട്ടായ്മയിൽ കമ്യൂണിറ്റി ഡെവലപ്പ്മെന്റ്, സോഷ്യൽ വർക്ക്, കൺസിസ്റ്റൻസി മാനേജ്മെന്റ്, ലോക്കൽ ഗവേണൻസ്, കൗൺസിലിംഗ് സൈക്കോളജി, ജൻഡർ സ്റ്റഡീസ്, ഗ്രാമ - നഗരാസൂത്രണം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സോഷ്യൽ എൻജിനീയറിങ് വിദ്യാർത്ഥികൾ അംഗങ്ങളാണ്.
ജില്ലാ പഞ്ചായത്തിന്റെ നൂതന പ്രോജക്ടുകൾ രൂപീകരിക്കുന്നതിനും നിലവിലുള്ള പദ്ധതികളുടെ നിർവഹണത്തിന് സഹായിക്കാനുമാണ് ഇന്റേൺഷിപ്പ് ഊന്നൽ നൽകുന്നത്. നിലവിൽ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെൻ്, അസിം പ്രേംജി യൂനിവേഴ്സിറ്റി, വിവിധ കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിലെ 15 വിദ്യാർത്ഥികളാണ് സന്നദ്ധരായി ഇന്റേൺഷിപ്പിൽ പങ്കെടുക്കുന്നത്.
വിവിധ ജില്ലകളിൽ നിന്നുള്ളവരായതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി താമസവും മറ്റ് സൗകര്യങ്ങളും ജില്ലാ പഞ്ചായത്ത് നൽകും. ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന വിവിധ മന്ത്രിമാർ പങ്കെടുക്കുന്ന ക്ലബ്ബ് ഹൗസ് ചർച്ചകളിലൂടെ ഉയർന്നു വരുന്ന നിർദേശങ്ങളെ ഇന്റേൺസിന്റെ സഹായത്തോടെ പദ്ധതികളാക്കാനും ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നു.
ഈ സൗകര്യത്തിൽ  ജില്ലാ പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപിച്ച കാസർകോട് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസും ഭാവിയിൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും. യുവജന-വിദ്യാർത്ഥി സമൂഹത്തെ വികസന പ്രക്രിയയിൽ പങ്കാളികളാക്കി പദ്ധതി നിർവഹണം ഊർജിതമാക്കുന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുന്നത്.
കേന്ദ്ര സർവകലാശാലയിലെയും സിപിസിആർഐ അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിലെയും ജില്ലയിലെ കോളേജുകളിലെയും വിദ്യാർത്ഥികൾക്കായി ആഗസ്ത് മാസത്തോടെ കിലയുമായി ചേർന്നുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമിനും ജില്ലാ പഞ്ചായത്ത് ധാരണയായിട്ടുണ്ട്.

date