Skip to main content

സെക്കൻഡറി സ്റ്റാന്റേർഡ് ലബോറട്ടറി, ടാങ്കർ ലോറി  കാലിബ്രേഷൻ യൂനിറ്റ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 22 ന്

സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിന് കീഴിൽ ജില്ലയിൽ സ്ഥാപിക്കുന്ന ഉത്തര മലബാറിലെ ആദ്യത്തെ സെക്കൻഡറി സ്റ്റാന്റേർഡ് ലബോറട്ടറി, ടാങ്കർ ലോറി, കാലിബ്രേഷൻ യൂണിറ്റ് നിർമ്മാണ പ്രവൃത്തി ജൂലൈ 22 ന് വൈകീട്ട് മൂന്നിന് ഭക്ഷ്യ സിവിൽ സപ്ലൈസ്-ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷനാകും.  രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. ലീഗൽ മെട്രോളജി വകുപ്പ് കൺട്രോളർ കെ.ടി വർഗ്ഗീസ് പണിക്കർ റിപ്പോർട്ട് അവതരിപ്പിക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് സെക്രട്ടറി വേണുഗോപാൽ സ്വാഗതവും ലീഗൽ മെട്രോളജി കോഴിക്കോട് ജോയിന്റ് കൺട്രോളർ ഇൻ ചാർജ്ജ് രാജേഷ് സാം നന്ദിയും പറയും. ബട്ടത്തൂർ -പള്ളിക്കരയിൽ ഓൺലൈൻ പരിപാടി പ്രദർശിപ്പിക്കും.
പനയാൽ വില്ലേജിലെ ബട്ടത്തൂരിൽ കാസർകോട്-കാഞ്ഞങ്ങാട് ദേശീയപാത-66ന് സമീപം 1.95 കോടി ചെലവിലാണ് കെട്ടിടം നിർമ്മിക്കുക.  കാസർകോട് നിന്നും 15 കിലോ മീറ്ററും കാഞ്ഞങ്ങാട് നിന്ന് 20 കിലോ മീറ്ററുമാണ് ബട്ടത്തൂരിലേക്കുള്ള ദൂരം. പദ്ധതിയുടെ നിർമ്മാണ ചുമതല ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ്.
കാസർകോട് ജില്ലയിലെ  ടാങ്കർ ലോറികൾ നിലവിൽ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലുള്ള ലീഗൽ മെട്രോളജി ഓഫീസുകളെയാണ് കാലിബ്രേഷൻ നടത്തുന്നതിനായി ആശ്രയിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലും സർക്കാർ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറി കാലിബ്രേഷൻ യൂനിറ്റില്ല.  ഓയിൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ള കാലിബ്രേഷൻ യൂണിറ്റ്  ഉപയോഗിച്ചാണ് മംഗളൂരുവിൽ  ലീഗൽ മെട്രോളജി വകുപ്പ് സർട്ടിഫിക്കറ്റ് നൽകിവരുന്നത്. കാസർകോട് ജില്ലയിൽ ടാങ്കർ ലോറി കാലിബ്രേഷൻ യൂണിറ്റ് ഒരുങ്ങുന്നതോടെ ജില്ലയ്ക്ക് മുതൽകൂട്ടാകും.
ചെറുകിട കച്ചവടക്കാർ മുതൽ സൂപ്പർമാർക്കറ്റ്, ജ്വല്ലറി, പെട്രോൾ പമ്പുകൾ, വെയിംഗ്ബ്രിഡ്ജ് തുടങ്ങി വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ അളവ് തൂക്ക ഉപകരണങ്ങളുടെയും കൃത്യത ഉറപ്പു വരുത്തുന്നത് ലീഗൽ മെട്രോളജി ഓഫീസിലുള്ള വർക്കിംഗ് സ്റ്റാൻഡേർഡ് ഉപയോഗിച്ചാണ്. ലീഗൽ മെട്രോളജി ഓഫീസുകളിൽ ഉപയോഗിക്കുന്ന വർക്കിങ് സ്റ്റാൻഡേർഡുകളുടെ കൃത്യത ഉറപ്പുവരുത്തുന്നത് നിലവിൽ എറണാകുളത്തുള്ള സെക്കൻഡറി സ്റ്റാന്റേഡ് ലാബിലാണ്. കാസർകോട് ജില്ലയിൽ സെക്കൻഡറി സ്റ്റാന്റേർഡ് ലബോറട്ടറി വരുന്നതോടെ സംസ്ഥാനത്തെ രണ്ടാമത്തെ സെക്കൻഡറി സ്റ്റാന്റേഡ് ലാബാണ്  യാഥാർഥ്യമാകുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ലീഗൽ മെട്രോളജി വിഭാഗത്തിന് ഉത്തരമലബാറിൽ സ്വന്തമായി കെട്ടിടമുള്ള ഏക ജില്ലയായി കാസർകോട് മാറും.

date