നമ്മുടെ ശീലങ്ങളിൽ പരിസ്ഥിതി ബോധം വളർത്തിയെടുക്കണം- ജില്ലാ കളക്ടർ
ആലപ്പുഴ: ഭൂമിയുടെ നിലനിൽപ്പിനെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്നും നമ്മുടെ ശീലങ്ങളിൽ പരിസ്ഥിതിബോധം വളർത്തിയെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവണമെന്നും ജില്ലാ കളക്ടർ ടി.വി. അനുപമ പറഞ്ഞു. ഹരിത കേരളം മിഷൻ, സോഷ്യൽ ഫോറസ്ട്രി, ജില്ലാ ശുചിത്വമിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ജില്ലാ തല പരിസ്ഥിതി ദിനാഘോഷം ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
പരിസ്ഥിതിദിനത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കേണ്ട വിവിധ വകുപ്പുകളുടെ ഏകീകരണം ഈ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ ഉണ്ടായത് ശ്ലാഘനീയമാണ്. ഓരോ പരിസ്ഥിതി ദിനത്തിന്റെയും സന്ദേശം വരും തലമുറയ്ക്കു വേണ്ടി കൂടിയാണ്. ജനങ്ങൾ പരിസ്ഥിതിയിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണി തെന്നും കളക്ടർ പറഞ്ഞു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ വൃക്ഷത്തൈയും നട്ടു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.സുമ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്ലാനിങ് ഓഫീസർ കെ. എസ്.ലതി ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബിൻസ് സി.തോമസ് ഗ്രീൻ പ്രോട്ടോകോൾ പോസ്റ്റർ പ്രകാശനം ചെയ്തു. ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ സുമി ജോസഫ് വൃക്ഷത്തൈ വിതരണം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.ലതിക, തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.എസ്.സലിം, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലക്ഷ്മി, ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് എന്നിവർ പ്രസംഗിച്ചു. രാവിലെ പത്തുമണിക്ക് ബീച്ചിൽനിന്ന് പരിസ്ഥിതി സന്ദേശവുമായി എൻ.സി.സി കുട്ടികളുടെ സൈക്കിൾ റാലി നടന്നു. റാലി ഡിവൈ.എസ്.പി. പി.വി.ബേബി ഫ്‌ളാഗ് ഓഫ് ചെയ്തു.പരിസ്ഥിതി സന്ദേശത്തിലൂന്നിയ പ്ലക്കാർഡുമായായിരുന്നു റാലി. തുടർന്ന് ആലപ്പുഴ ജില്ലയിലെ വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസുകൾ ഗ്രീൻ പ്രോട്ടോകോൾ ഓഫീസുകളായുള്ള പ്രഖ്യാപനം ജില്ലാ കളക്ടർ ടി.വി.അനുപമ നടത്തി.
പരിസ്ഥിതി ദിനത്തിൽ മൂന്നു ലക്ഷം വൃക്ഷത്തൈ നട്ട് ഹരിപ്പാട് ബ്ലോക്ക്
ഹരിപ്പാട്: പരിസ്ഥിതി ദിനത്തിൽ മൂന്നു ലക്ഷം വൃക്ഷത്തൈ നട്ട് ഹരിപ്പാട് ബ്ലോക്ക്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിസ്ഥിതി ദിനോഘോഷവും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും ദേശീയ അധ്യാപക അവാർഡ് ജേതാവ് സുരേഷ് മണ്ണാറശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് വിതരണം ചെയ്യുന്ന 29,000 പച്ചക്കറി വിത്ത് കിറ്റിന്റെ ബ്ലോക്ക തല ഉദ്ഘാടനവും നടന്നു. 3.27ലക്ഷം വൃക്ഷ തൈകളാണ് ബ്ലോക്കിൽ മാത്രം വിതരണം ചെയ്തത്. തേക്ക്, ബദാം, വേപ്പ്, പ്ലാവ്, മാവ്, റമ്പൂട്ടാൻ, പേര, മഹാഗണി, തെങ്ങ്, അത്തി, പുളി, തുടങ്ങി ഇനത്തിൽപ്പെട്ട വൃക്ഷത്തൈകളുടെ പരിപാലന ചുമതല കുടുംബശ്രീ പ്രവർത്തകർക്കാണ്. കുടുംബശ്രീ പ്രവർത്തകർ വഴി വിതരണം ചെയ്യുന്ന വൃക്ഷ തൈകൾ അവരുടെ ഭവനങ്ങൾ, ബി.പി.എൽ., എസ്.സി., എസ്.റ്റി വിഭാഗക്കാർ, പൊതുസ്ഥലങ്ങൾ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അങ്കണം, സ്‌കൂളുകൾ എന്നിവടങ്ങളിലായി നട്ടു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സന്തോഷ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കെ. അനിൽകുമാർ, ജോയിന്റ് ബി.ഡി.ഒ. ഐറിൻ ഗോമസ്, ജി.ഇ.ഒ.(ഇ.ജി.എസ്.) എ. പൂക്കുഞ്ഞ്, എം.ജി.എൻ.ആർ.ഇ.ജി.എസ്. നോഡൽ ഓഫീസർ ജി. ബിജു, എക്സ്റ്റൻഷൻ ഓഫീസർ റ്റി. ഷാജിമോൻ, എ.ഡി.എ. എലിസബത്ത് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
ആര്യാട് അഞ്ചുലക്ഷം ഫലവൃക്ഷത്തൈ: പദ്ധതി ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ആര്യാട് ബ്ലോക്കിൽ 5.39 ലക്ഷം ഫവലൃക്ഷത്തൈകൾ നട്ടു. പദ്ധതിയുടെ ഉദ്ഘാടനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ ബ്ലോക്ക് കാര്യാലയ വളപ്പിൽ പ്ലാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച 136 നേഴ്‌സറികളിൽ തദ്ദേശീയമായി ഉത്പാദിപ്പിച്ച പേര, പ്ലാവ്, മാതളം, ആത്ത, പുളി, പേര, തുടങ്ങിയ തൈകളാണ് നടുന്നത്. നടുന്ന തൈകൾക്കായി ജൈവവളം, ജൈവവേലി അടക്കമുള്ള പരിചരണവും നൽകും. ഇതിനായി 5.71 കോടി രൂപ ചെലവഴിച്ച് 2,10769 തൊഴിൽ ദിനങ്ങൾ ആണ് സൃഷ്ടിക്കുന്നത്. നഴ്‌സറി തയ്യാറാക്കുന്നതിനായി 2.7 കോടിയാണ് ചെലവഴിച്ചത്. സൃഷ്ടിച്ചത് 98,834 തൊഴിൽ ദിനങ്ങളുമാണ്.
പരമ്പരാഗത തൊഴിൽ മേഖലയ്ക്ക് ഉണർവേകി
കശുമാവ് തൈകൾ നട്ടു
അമ്പലപ്പുഴ: പരിസ്ഥിതി ദിനത്തിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കശുമാവിൻ തൈകൾ വിതരണം ചെയ്തു. കേരള കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്നെത്തിച്ച 17,500 തൈകളാണ് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകൾക്കായി വിതരണം ചെയ്തത്. ആകെ 6 ലക്ഷം രൂപയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനായി ചെലവഴിച്ചത്. പൊതുതോടുകൾ, കനാലുകൾ എന്നിവയുടെ ഇരുകരകളിലുമായി ഇവ നട്ടുപിടിപ്പിക്കും. ഇവയുടെ സംരക്ഷണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക ക്ലാസും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ ഇവയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷേർളി ജോസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ വി.ജെ.ജോസഫ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ 75,000 ഫലവൃക്ഷത്തൈകളും നട്ടു.പഞ്ചായത്തുതല ഉദ്ഘാടനം അമ്പലപ്പുഴ ഗവ.കോളേജിൽ പഞ്ചായത്തു പ്രസിഡന്റ് ജി.വേണു ലാൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജാ രതീഷ്, അംഗങ്ങളായ ആർ.ശ്രീകുമാർ , കെ.രമാദേവി, രതിയമ്മ, കോളേജ് പ്രിൻസിപ്പാൾ ഗോപകുമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പുന്നപ്ര തെക്ക് പ്രാഥമികാരോഗ്യ കേന്ദ്രമാണ് പഞ്ചായത്തിലെ 17 വാർഡിലും മാസ് ക്ലീനിംഗും ഭവന സന്ദർശനവും ഉറവിട നശീകരണം, ക്ലോറിനേഷൻ എന്നിവ സംഘടിപ്പിച്ചത്.പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്‌കൂളുകളിൽ ശുചിത്വ നിലവാര പരിശോധനയും നടന്നു. പോരായ്യകൾ കണ്ടെത്തിയ സ്‌കൂളുകൾക്ക് ഇവ പരിഹരിക്കാൻ നിർദേശവും നൽകി. പഞ്ചായത്ത് പ്രസിഡന്റ് എം. ഷീജ, മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു പ്രിയ, ജനപ്രതിനിധികൾ തുടങ്ങിയവർ ഇതിൽ പങ്കാളികളായി.
പരിസ്ഥിതി ദിനം ആഘോഷങ്ങളിൽ മാത്രം ഒതുങ്ങരുത് : കെ രഘുപ്രസാദ്
മാവേലിക്കര : പരിസ്ഥിതി ദിനാചരണം ആഘോഷങ്ങളിൽ മാത്രം ഒതുങ്ങരുതെന്ന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ് . ബ്ലോക്ക് തല പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷത്തെ പരിസ്ഥിതി ദിനത്തിൽ വിത്ത് പാകി മുളപ്പിച്ച വൃക്ഷതൈകളിൽ ഏതാണ്ട് 15000ത്തോളം തൈകൾ ബ്ലോക്കിൽ വളരുന്നുണ്ട്.
. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസു സാറാ മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ തനതു പദ്ധതിയായ നാട്ടുപച്ചയുടെ ലോഗോപ്രകാശനം ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. എൻ നാരായണൻ നിർവഹിച്ചു . സുവനീർ പ്രകാശനം ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി .കൃഷ്ണമ്മ നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതികൊണ്ട് നിർമ്മിച്ച സിഗ്നേച്ചർ വീഡിയോയുടെ പ്രകാശനം നിഫി എസ് ഹക്ക് നിർവഹിച്ചു. . ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന എയറോബിക് കമ്പോസ്‌ററ് , ബയോഗ്യാസ് പ്ലാന്റ് ഉത്ഘാടനവും നടന്നു. അമ്മ മരങ്ങളെ തേടി എന്ന പുതിയ പദ്ധതിയായിരിക്കും ഈ വർഷം ബ്ലോക്കിൽ നടപ്പാക്കുക. അന്യം നിന്നുപോകുന്ന മരങ്ങളെ തേടിയുള്ള യാത്രയിലൂടെ പുതിയ തലമുറയെ പഴയ മരങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
പട്ടണക്കാട്:പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നടലും അഞ്ചുലക്ഷം വൃക്ഷത്തൈ വിതരണ പദ്ധതിക്കും തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമിച്ച 392 നഴ്സറികളിൽ വികസിപ്പിച്ചെടുത്ത അഞ്ചു ലക്ഷം വൃക്ഷത്തൈകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ പരിസ്ഥിതി ദിനാചരണം ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അജിത് കുമാർ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹേമ ദാമോദരൻ, ജയ അശോകൻ, ബി.ഡി.ഒ പി.ജി.പ്രസന്നകുമാരി, ജി.ഇ.ഒ. ജോൺ ജോസഫ്, ബിജോയ്ശ്രീ കർത്താ എന്നിവർ സംസാരിച്ചു.
നേരത്തെ നിർദേശിച്ചതു പ്രകാരം ബ്ലോക്കിനു കീഴിലുള്ള എല്ലാ ഗ്രാമപഞ്ചായത്തിനു കീഴിലും വൃക്ഷത്തൈ നടീലും വിതരണവും നടന്നു. വിവിധ പഞ്ചായത്തുകളിലെ പരിസ്ഥിതി ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, അംഗണവാടി വർക്കർമാർ, മഹിളാ പ്രധാൻ ഏജന്റുമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രങ്ങൾ)
(പി.എൻ.എ 1198/ 2018)
എം.പിയുടെ പ്രാദേശിക വികസന പദ്ധതി
അവലോകനം എട്ടിന്
ആലപ്പുഴ: കെ.സി.വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസന പദ്ധതിപ്രാകാരമുള്ള പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം ജൂൺ എട്ടിന് രാവിലെ 10.30ന് ജില്ലാ പ്ലാനിങ് കമ്മറ്റി കോൺഫ്രൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
(പി.എൻ.എ 1199/ 2018)
- Log in to post comments