Skip to main content

കോള്‍ പടവുകളുടെ നവീകരണം; അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം

 

 

റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂരില്‍ നടപ്പിലാക്കി വരുന്ന 2 കോടിയുടെ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കോള്‍ പടവുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് എന്‍ കെ അക്ബര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരൂര്‍, ചെമ്മന്നൂര്‍ തുടങ്ങി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ കോള്‍ പടവുകളും ചാവക്കാട് നഗരസഭയിലെ മത്തിക്കായലിലേയും നവീകരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.

 

ബണ്ട് ബലപ്പെടുത്തല്‍, തോടിന് ആഴം കൂട്ടല്‍, ചണ്ടി, കുളവാഴ തുടങ്ങിയവയുടെ നിര്‍മാര്‍ജനം എന്നീ പ്രവൃത്തികളും അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കും. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ കോള്‍ പടവുകളിലേക്ക് ചമ്രവട്ടം റെഗുലേറ്ററില്‍ നിന്ന് വെള്ളം ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ യോഗം വിലയിരുത്തി. ഏപ്രില്‍ ആദ്യവാരത്തോടെ കൃഷി വിളവെടുപ്പ് പൂര്‍ത്തീകരിച്ച് നവീകരണത്തിനായി കെഎല്‍ഡിസിക്ക് വേണ്ടി കോള്‍ പടവുകള്‍ സജ്ജമാക്കും.

 

യോഗത്തില്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍, കെഎല്‍ഡിസി എക്‌സി. എന്‍ജിനീയര്‍ സി കെ ഷാജി, അസി. എന്‍ജിനീയര്‍ ജസ്റ്റിന്‍, കൃഷി വികസന അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു, കൃഷി അസി. ഡയറക്ടര്‍ മനോജ്, കൃഷി വകുപ്പ് അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സൂരജ്, കൃഷി ഓഫീസര്‍മാരായ ഷീജ, നാനു, വിവിധ കോള്‍ പടവുകളില്‍ നിന്നുള്ള ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date