Skip to main content
ചെമ്മനാട് പഞ്ചായത്തിലെ ഇന്‍ഡ്ട്രിയല്‍ ഏരിയയിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നു. 

   ഡെങ്കിപ്പനി: അടിയന്തര യോഗം വിളിച്ചുകൂട്ടി;     കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

 
ചെങ്കള, ചെമ്മനാട് പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ്‌മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഡി.എം.ഒ, ഡി.പി.എം, മെഡിക്കല്‍ ഓഫീസര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
കൊതുക്, കൂത്താടിനശീകരണം ആരോഗ്യ പ്രവര്‍ത്തകരുടെയും ആശ അംഗന്‍വാടി പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിക്കും അതിന് ഉത്തരവാദിത്തം ഉണ്ടെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു.  അതിനായി കൂട്ടായ ഉത്തരവാദിത്വം വേണമെന്നും വാര്‍ഡ് തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപികരിച്ച് എല്ലാ വീടുകളും വ്യാപാര സ്ഥപനങ്ങളും സന്ദര്‍ശിച്ച് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണമെന്ന് കളക്ടര്‍ പറഞ്ഞു. അതിനായി പ്രദേശത്തെ എല്ലാ രാഷ്ട്രിയ കക്ഷി പ്രതിനിധികളെയും സന്നദ്ധ സംഘടനകളേയും  ക്ലബുകളേയും ഏകോപിച്ചു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. രോഗത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്നും ആരോഗ്യം പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ എല്ലവരും പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 
കളക്ടറുടെ നേതൃത്വത്തില്‍ ഡി.എം.ഒ ,ഡി പി.എം, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ചെങ്കള ടൗണിലെ വീടുകളിലും വ്യാപര സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും ഡെങ്കിപനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഉറവിടങ്ങള്‍ കണ്ടെത്തിയ കച്ചവട സ്ഥാപന ഉടമകള്‍ക്ക് നിലവിലെ ഉറവിടങ്ങള്‍ നശിപ്പിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതുമായി സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. 
ചെമ്മനാട് പഞ്ചായത്തിലെ ഇന്‍ഡ്ട്രിയല്‍ ഏരിയ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റില്‍ മറയില്ലാതെ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ ഉടന്‍ തന്നെ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി.  ചകിരി റീ സൈക്ലിംഗ് യൂണിറ്റില്‍ നിന്നും പുറന്തള്ളുന്ന മലിനജലം കെട്ടി നില്‍ക്കാതെ സുരക്ഷിതമായി മാറ്റാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി എന്നിവടങ്ങളില്‍ നടന്ന യോഗങ്ങള്‍ക്ക് എഡിഎം:എന്‍.ദേവിദാസ് നേതൃത്വം നല്‍കി. ബളാല്‍, കോടോം-ബേളൂര്‍ പഞ്ചായത്തുകളില്‍ നടന്ന യോഗത്തില്‍  കാഞ്ഞങ്ങാട് ആര്‍ഡിഒ:സി.ബിജുവും ദേലംപാടിയില്‍ കാസര്‍കോട് ആര്‍ഡിഒ:പി.അബ്ദുസമദും പുല്ലൂര്‍-പെരിയ, അജാനൂര്‍ പഞ്ചായത്തുകളില്‍  ഡെപ്യൂട്ടികളക്ടര്‍ കെ.ജയലക്ഷ്മിയും നേതൃത്വം നല്‍കി. 

    

date