Skip to main content

ദാനിഷ് സിദ്ദിഖി - അനുസ്മരണ സമ്മേളനവും ഫോട്ടോപ്രദര്‍ശനവും ഇന്ന് (ജൂലൈ 27) തിരുവനന്തപുരത്ത്

 

അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മാധ്യമ രക്തസാക്ഷി ദാനിഷ് സിദ്ദിഖിക്ക് പ്രണാമമായി കേരള മീഡിയ അക്കാദമി കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് ഫോട്ടോ പ്രദര്‍ശനം ജൂലൈ 27 ന് തിരുവനന്തപുരത്ത് തൈക്കാട് ഭാരത് ഭവനില്‍ സംഘടിപ്പിക്കുന്നു.
പുലിറ്റ്സര്‍ സമ്മാന ജേതാവായ ദാനിഷ് ക്യാമറയില്‍ പകര്‍ത്തിയ മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ ജ്വലിക്കുന്ന അപൂര്‍വ്വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. അന്ത്യയാത്രാ രംഗങ്ങളും ഉണ്ടാകും. ദാനിഷിന്റെ ടെലിവിഷന്‍ അഭിമുഖം ഉള്‍പ്പെടുത്തിയ പ്രത്യേക വീഡിയോയും അവതരിപ്പിക്കും. ചൊവ്വാഴ്ച രാവിലെ 8 ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്ന് ദാനിഷിന്റെ നിശ്ചലചിത്രം ക്യാമറയില്‍ ക്ലിക്ക് ചെയ്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അദ്ധ്യക്ഷനാകും. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് റെജി കെ.പി., കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് വെള്ളിമംഗലം,  ഭാരത് ഭവന്‍   സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ക്യാപിറ്റല്‍ ലെന്‍സ് വ്യു പ്രതിനിധി രാഗേഷ് നായര്‍, മീഡിയ അക്കാദമി സെക്രട്ടറി എന്‍.പി സന്തോഷ് എന്നിവര്‍ സംസാരിക്കും. ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനം രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാണ്.
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ  അക്കാദമിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെ രക്തസാക്ഷി പ്രണാമവും നടത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകരും മാധ്യമഫോട്ടോഗ്രാഫര്‍മാരും ഓണ്‍ലൈനിലൂടെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ താലിബാന്റെ ഷെല്ലാക്രമണത്തിലാണ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ ഇന്ത്യയിലെ മള്‍ട്ടിമീഡിയ തലവനായിരുന്ന മുംബൈ സ്വദേശിയായ 41 കാരന്‍ ദാനിഷ് കൊല്ലപ്പെട്ടത്. ഇന്ത്യയിലെ കോവിഡ് ദുരിതങ്ങള്‍, പൗരാവകാശ, കര്‍ഷക പ്രക്ഷോഭങ്ങള്‍, അഫ്ഗാന്‍ - ഇറാഖ് യുദ്ധങ്ങള്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ദുരിതം, ഹോങ്കോങ് പ്രതിഷേധം, നേപ്പാള്‍ ഭൂകമ്പം തുടങ്ങി ദാനിഷ് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നരകയാതന ലോകത്തിന് മുന്നില്‍ കൊണ്ടുവന്നതിനാണ് 2018 ല്‍ ദാനിഷിന് പുലിറ്റ്സര്‍ ലഭിച്ചത്. ദല്‍ഹി വംശീയ അക്രമണത്തിന്റെ ഭീകരത ദൃശ്യമാക്കിയ ഫോട്ടോ 2020 ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തെരഞ്ഞെടുത്തിരുന്നു. ദാനിഷിനെ കൊന്നെങ്കിലും ചിത്രങ്ങള്‍ മരിക്കില്ല എന്ന സന്ദേശമാണ് ഫോട്ടോ പ്രദര്‍ശനത്തിലൂടെ നല്‍കുക. 
 

date