വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ഇളവ് അനുവദിക്കണം: ആര്‍ടിഒ
വിദ്യാര്‍ഥികള്‍ക്ക് 85476 39014 നമ്പറില്‍ പരാതിപ്പെടാം
സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ റൂട്ടുകളിലും സിറ്റി, ടൗണ്‍, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി, അന്തര്‍സംസ്ഥാന റൂട്ടുകള്‍ ഉള്‍പ്പെടെ സര്‍വീസുകളുടെ എണ്ണം കണക്കാക്കാതെ 40 കിലോ മീറ്റര്‍ വരെ ഒറ്റ യാത്രയ്ക്ക് കണ്‍സഷന്‍ അനുവദിക്കുമെന്ന് കാസര്‍കോട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍(ആര്‍.ടി.ഒ) അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് ആര്‍.ടി.ഒ നിര്‍ദേശം നല്‍കി.
ഈ മാസം 15 വരെ നിലവിലുള്ള പാസ് ഉപയോഗിച്ച് സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം അനുവദിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയോഗം തീരുമാനിച്ചു. സെല്‍ഫ് ഫിനാന്‍സ് സ്ഥാപനങ്ങള്‍, പാരലല്‍ കോളജുകള്‍, അംഗീകൃത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ നല്‍കുന്ന യാത്ര സൗജന്യ കാര്‍ഡ്/ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷന്‍ പൂര്‍ത്തിയായതിനുശേഷം 15 ദിവസത്തിനുള്ളില്‍ പാസ് നല്‍കുവാനും യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അവധി ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് യാത്രസൗജന്യം അനുവദിക്കും. ബസില്‍ കയറുന്നതിന് വിദ്യാര്‍ഥികളെ അനാവശ്യമായി ക്യൂവില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കരുതെന്നും പരാതികള്‍ ആര്‍.ടി.ഒ യുടെ 8547639014 നമ്പറില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ വിളിച്ചറിയിക്കാമെന്നും ജില്ലാ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. സ്‌കൂളുകളിലെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായി ഇടപെടണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
- Log in to post comments