Skip to main content

ഊര്‍ജ്ജശ്രീ പദ്ധതി-  ജില്ലാതല ഉദ്ഘാടനം 

 

 

എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള, തൃശൂര്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സുസ്ഥിര ജീവിതം ഊര്‍ജ്ജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. തൃശൂര്‍ ജില്ലയെ സമ്പൂര്‍ണ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ ജില്ലയായി മാറ്റുക എന്നതാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കേരള കുടുംബശ്രീ യുമായി സഹകരിച്ചാണ് ഊര്‍ജ്ജ മേഖലയില്‍ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനത്തിനായി ''ഊര്‍ജ്ജ ശ്രീ'' പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം ജൂലൈ 31 ശനി 2 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിക്കും. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ അധ്യക്ഷതവഹിക്കും. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എം അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. ഊര്‍ജ്ജ ശ്രീ പദ്ധതിയിലൂടെ തൃശൂര്‍ ജില്ലയിലെ 4 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം എത്തിക്കുക. 'ഒരു ദിവസം ഒരു യൂണിറ്റ് സംരക്ഷണം' എന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുക, അക്ഷയ ഊര്‍ജ്ജ സ്രോതസ്സുകള്‍, ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങളുടെ നിര്‍മാണം എന്നിവയ്ക്കുള്ള പരിശീലനം, വനിതാ സംരംഭങ്ങള്‍ ഊര്‍ജ്ജ കാര്യക്ഷമമാക്കാനുള്ള പരിശീലനം, ഊര്‍ജ്ജ ഓഡിറ്റ്, സംസ്ഥാന സര്‍ക്കാരിന്റെ ഗോ ഇലക്ട്രിക്ക് ക്യാമ്പയില്‍ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി എനര്‍ജി മാനേജ്മന്റ് സെന്റര്‍ ഉര്‍ജ്ജശ്രീ കോ ഓര്‍ഡിനേറ്റര്‍ ഡോ .ടി.വി. വിമല്‍കുമാര്‍ പറഞ്ഞു.

date