Skip to main content

ബാരിയർ ഫ്രീ കേരള പദ്ധതി : ജില്ലയിൽ പൊതു ഇടങ്ങൾ ഭിന്ന ശേഷി സൗഹൃദമാക്കൽ പുരോഗമിക്കുന്നു

 

 

ഭിന്നശേഷിക്കാർക്കുള്ള കേന്ദ്ര സർക്കാരിന്റെ ആക്സസിബിൾ ഇന്ത്യ ക്യാമ്പയിൻ ബാരിയർ ഫ്രീ കേരള പദ്ധതികളുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഉന്നതതല യോഗം വിലയിരുത്തി. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ 16 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തികൾ വിവിധ ഘട്ടങ്ങളിലായി വിവിധ സർക്കാർ കാര്യാലയങ്ങളിൽ പുരോഗമിച്ചു വരുന്നതായി പി ഡബ്ല്യൂ ഡി ഇ ഇ ബിജി യോഗത്തെ അറിയിച്ചു. 

 

34 റാമ്പുകൾ, 16 ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതിൽ 19 റാമ്പുകളുടെ നിർമാണം പൂർത്തിയായി. സിവിൽ സ്റ്റേഷൻ, കലക്ടറേറ്റ്, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലാണ് ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ സജ്ജമാക്കുന്നത്. അയ്യന്തോൾ സിവിൽ ലൈൻ പാർക്ക്‌ ഭിന്ന ശേഷി സൗഹൃദമാക്കുന്നതിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പൊതു മരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്  കേന്ദ്രസർക്കാർ ഒന്നാം ഘട്ടത്തിൽ അനുവദിച്ച 50% തുകയായ 429.96 ലക്ഷം രൂപ വിനിയോഗിക്കുന്നതിനായി  പി ഡബ്ല്യു ഡി ആവശ്യപ്പെട്ടത് പ്രകാരം മുൻഗണന നൽകിയ കെട്ടിടങ്ങളുടെ നിർമാണ പുരോഗതിയും നിർമാണ പ്രവൃത്തികൾക്കായി സ്വീകരിക്കേണ്ട നടപടികളുമാണ് യോഗം വിലയിരുത്തിയത്.

 

ബാരിയർ ഫ്രീ കേരള പദ്ധതിയിലുൾപ്പെടുത്തി വിവിധ ജില്ലകളിലെ ജില്ലാ കലക്ടർമാർ മുഖേന ലഭിച്ച പ്രൊഫൈലുകളിൽ സർക്കാർ ആദ്യഘട്ടമായി നൽകിയ തുകകളുടെ വിനിയോഗ പ്രവൃത്തികളുടെ പൂർത്തീകരണം,  തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നിലവിലുള്ള കെട്ടിട നിർമാണ ചട്ടങ്ങളിൽ ഭിന്നശേഷിസൗഹൃദ നിർമാണത്തിന് ആവശ്യമായ ഭേദഗതികൾ നടപ്പിൽ വരുത്തൽ, വരുത്തിയ ഭേദഗതികളുടെ അപാകത പരിഹരിക്കൽ, കെഎസ്ആർടിസിയുടെ സെമി ലോഫ്ളോർ ബസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നത് സംബന്ധിച്ച് പുരോഗതി

എന്നിവയും യോഗം വിലയിരുത്തി. കൂടാതെ സംസ്ഥാനത്തെ പ്രൈവറ്റ് ബസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ബസ് ബോഡി കോഡ് മോഡിഫൈ ചെയ്യുന്നതിന്റെ പുരോഗതി,

സർക്കാർ വെബ്സൈറ്റുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ചുമതലപ്പെടുത്തിയ കേരള സ്റ്റേറ്റ് ഐടി മിഷൻ പ്രവൃത്തികളുടെ പൂർത്തീകരണം, പുതിയ പ്രൊപോസലുകളുടെ  സമർപ്പണം, ആദ്യഘട്ടമായി 15 ലക്ഷം രൂപയുടെ വിനിയോഗം, സൈൻ ലാംഗ്വേജ് ജീവനക്കാരെ പ്രധാന ചടങ്ങുകളിൽ നിയോഗിക്കുന്നതിനുള്ള നടപടികൾ എന്നിവയും യോഗം വിലയിരുത്തി.

 

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എം അഞ്ജന, വിവിധ ജില്ലാ കല ക്ടർമാർ, പി ഡബ്ല്യൂ ഡി വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date