Skip to main content

പത്തടിപ്പാലം ശാന്തൻപാറ സന്ദർശിച്ച് കലക്ടർ ഹരിത വി കുമാർ ഗതാഗതം തൽക്കാലികമായി പുനാസ്ഥാപിക്കും

 

ചാലക്കുടി മലക്കപ്പാറ റൂട്ടിൽ കനത്ത മഴയെത്തുടർന്ന് കലുങ്ക് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ട പത്തടിപ്പാലം ശാന്തൻപാറ മേഖലയിൽ കലക്ടർ ഹരിത വി  കുമാർ സന്ദർശനം നടത്തി. കലുങ്കിന്റെ ഒരു ഭാഗം തകർന്ന് അപകടവസ്ഥയിലായ ഇവിടെ മൂന്ന് ദിവസത്തിനുള്ളിൽ താൽക്കാലികമായി

ഗതാഗതം പുനസ്ഥാപിക്കാൻ കലക്ടർ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകി.

ഇതിന്റെ ഭാഗമായി കലുങ്കിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ അടുത്ത ദിവസം ആരംഭിക്കും.

 

മലക്കപ്പാറയിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാൽ ഇവിടുത്തെ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് എസ്റ്റേറ്റ് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും. പത്തടിപാലത്ത്

എമർജൻസി ആവശ്യങ്ങൾക്കായി താൽക്കാലിക ആംബുലൻസ് സേവനവും ഉറപ്പാക്കും.

 

കരിങ്കൽക്കെട്ട് ഇടിഞ്ഞു സ്ലാബുകൾ മുഴുവൻ തള്ളിപ്പോയ അവസ്ഥയിലാണ് ഇവിടം. മലയുടെ ഭാഗത്തെ സ്ലാബ് അപകടവസ്ഥയിലായതിനെ തുടർന്ന് ആനമല റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു. ഇതിനെത്തുടർന്ന് അതിർത്തി ഗ്രാമമായ മലക്കപ്പാറ

ഒറ്റപ്പെട്ട നിലയിലാണ്. ഈ പ്രശ്നത്തിനാണ് കലക്ടറുടെ ഇടപെടലിൽ തീരുമാനമായത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

മലക്കപ്പാറ വനാന്തർഭാഗത്തുനിന്നും കനത്ത മഴയിലും നീരൊഴുക്കിലും ചാലക്കുടി മലക്കപ്പാറ റൂട്ടിലെ കലുങ്കിന്റെ കരിങ്കൽ ഭിത്തികൾ തകരുകയും റോഡിന്റെ ഉപരിതലമുൾപ്പടെയുള്ള ഭാഗങ്ങൾക്ക് നാശം സംഭവിക്കുകയുമായിരുന്നു. ഏകദേശം അഞ്ചു മീറ്റർ നീളവും നാലു മീറ്റർ വീതിയും 5.50 മീറ്റർ ഉയരവുമുള്ള കലുങ്കാണ് തകർന്നത്.

 

ആനക്കയം ആദിവാസി കോളനിയിലെ 25 കുടുംബങ്ങൾ താമസിക്കുന്ന ആനമുക്ക് പോത്ത്പാറ കോളനിയിലും കലക്ടർ സന്ദർശനം നടത്തി. ഇവരുടെ ആവശ്യങ്ങൾ ഉന്നയിച്ച നിവേദനം ഊര്മൂപ്പൻ ചന്ദ്രൻ കലക്ടർക്ക് നൽകി. 

 

ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിന് മുന്നോടിയായി പെരിങ്ങൽക്കുത്ത് ഡാമും കലക്ടർ സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, അതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിജേഷ്, വാഴച്ചാൽ ഡി എഫ്  ഒ എസ് വി വിനോദ്, ചാലക്കുടി തഹസിൽദാർ ഇ എൻ രാജു തുടങ്ങിയവർ കലക്ടറോടൊപ്പമുണ്ടായിരുന്നു.

date