Skip to main content

യുവാക്കള്‍ക്കായി യൂത്ത് ബ്രിഗേഡ് -ജില്ലാ കലക്ടര്‍

കോവിഡ് പശ്ചാത്തലത്തില്‍ യുവജനതയെ  ഊര്‍ജ്ജസ്വലരാക്കാന്‍ യൂത്ത് ബ്രിഗേഡ് രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. വിരസതയകറ്റി സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കാനാണ്  ക്രിയാത്മക കൂട്ടായ്മക്ക് ഇടം ഒരുക്കുന്നത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് വേറിട്ട പരിപാടി സംബന്ധിച്ച അറിയിപ്പ്.  ചെറുപ്പക്കാരിലെ  കലാ-കായിക അഭിരുചികള്‍ക്ക് ഓണ്‍ലൈന്‍ വഴി വേദിയൊരുക്കി പുതിയ സംവിധാനം പ്രവര്‍ത്തിക്കും. മാനസികവും ശാരീരികവുമായ ഉണര്‍വിനൊപ്പം സര്‍ഗാത്മക ശേഷി വികസനവും ഇതുവഴി  സാധ്യമാകുമെന്ന് കലക്ടര്‍ പറഞ്ഞു.
രോഗവ്യാപന നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ യോഗം വിശദമായി വിലയിരുത്തി. ഗൃഹ നിരീക്ഷണത്തില്‍ ഉള്ളവര്‍ കോവിഡ് മാനദണ്ഡം മറികടക്കുന്നില്ല എന്ന്  ഉറപ്പുവരുത്തണം. പോസിറ്റീവ് ആകുന്നവരെ കണ്ടെത്തി  നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്  ഊര്‍ജിതപ്പെടുത്തണം. ഗൃഹപരിചരണ കേന്ദ്രങ്ങളുടെയും കോവിഡ് പ്രാഥമിക-ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളുടെയും സേവനം തദ്ദേശസ്ഥാപനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. കീം(കേരള എഞ്ചിനീയറിംഗ് അഗ്രികള്‍ച്ചറല്‍ മെഡിക്കല്‍) പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ അണുനശീകരണം, സാമൂഹിക അകലം ഉറപ്പാക്കിയുള്ള ഇരിപ്പിട ക്രമീകരണം തുടങ്ങിയവ അടിയന്തരമായി പൂര്‍ത്തിയാക്കണം എന്നും നിര്‍ദ്ദേശിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്.നായര്‍, എ.ഡി.എം എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1929/2021)
 

date