Skip to main content

കൊല്ലം ആദ്യ ശിശുസൗഹൃദ ജില്ലയാകും-ജില്ലാ കലക്ടര്‍

അമ്മയുടേയും കുഞ്ഞിന്റേയും പരിരക്ഷ ഉറപ്പാക്കുന്ന ആദ്യ ശിശുസൗഹൃദ ജില്ലയെന്ന പദവിയിലേക്ക് കൊല്ലം എത്തുകയാണെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലോക മുലയൂട്ടല്‍ വാരാചാരണത്തോടനുബന്ധിച്ച് തുടക്കമായി. സ്വകാര്യത ഉറപ്പാക്കിയുള്ള മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ജില്ലയിലുടനീളം തുടങ്ങുകയാണ്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, സര്‍ക്കാര്‍/ഇതര സ്ഥാപനങ്ങള്‍ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിലാണ് സംവിധാനം ഒരുക്കുക എന്ന് അദ്ദേഹം അറിയിച്ചു.
തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കേന്ദ്രങ്ങള്‍ ഒരുക്കുക. ഇതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തും. ജില്ലാ ഭരണകൂടത്തോടൊപ്പം വനിതാ-ശിശുവികസന-തദ്ദേശ സ്വയംഭരണ-ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ശിശുസൗഹൃദ ജില്ലാപ്രഖ്യാപനം നടത്താനാകുമെന്ന് നിര്‍വഹണ ചുമതലയുള്ള അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ പറഞ്ഞു. ജില്ലയില്‍ തുടങ്ങിയ മുലയൂട്ടല്‍ വാരാചരണത്തിന്റ ഭാഗമായ പഞ്ചദിന വെബിനാര്‍ പരമ്പര അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, വനിതാ-ശിശുവികസന വകുപ്പ് ഓഫീസര്‍ ഗീതാകുമാരി, ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ് തുടങ്ങിയവര്‍ വെബിനാറില്‍ പങ്കെടുത്തു. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം നല്‍കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ  ന്യൂട്രി ക്ലിനിക്കുകളിലും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും ക്ലാസ്സുകളും ലാക്‌റ്റേഷന്‍ കൗണ്‍സിലിങ്ങും നടത്തും. വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണിത്.  
(പി.ആര്‍.കെ നമ്പര്‍.1938/2021)

 

date