Skip to main content

ഓണം ഖാദി മേള ജില്ല പഞ്ചായത്ത് മിനിഹാളില്‍ തുടങ്ങി

അലപ്പുഴ: ഓണത്തിനോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വിപണന മേള ജില്ല പഞ്ചായത്ത് മിനി ഹാളില്‍ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വ്വഹിച്ചു. 
ഖാദി ഉത്പന്നങ്ങള്‍ക്ക് ഉത്സവകാലങ്ങളിലെ 30% റിബേറ്റിന് പുറമേ 5000 രൂപ വിലവരുന്ന തനത് ഉത്പ്പന്നങ്ങള്‍ രൊക്കം പണം നല്‍കി വാങ്ങുന്ന ഉപഭോക്താവിന് 10% പ്രത്യേക കിഴിവ് നല്‍കും. ഇവര്‍ക്ക് 2999 രൂപയ്ക്ക് സാധനങ്ങള്‍ ലഭിക്കുന്ന പദ്ധതിയാണിത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ്പാ സൗകര്യമുണ്ട്. ജില്ലയിലെ തറികളില്‍ നെയ്‌തെടുത്ത സെറ്റ് സാരി വിപണന മേളയിലെ പ്രധാന തുണിത്തരങ്ങളില്‍ ഒന്നാണ്. കേരളത്തിലെ ഖാദി തുണിത്തരങ്ങള്‍, തേന്‍, സോപ്പ് എന്നീ ഉത്പ്പന്നങ്ങള്‍ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ജൂട്ട് സാരികള്‍, പട്ട് സാരികള്‍, മറ്റ് തുണിത്തരങ്ങള്‍ എന്നിവയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഖാദി പ്രോജക്ട് ഓഫീസര്‍ എം.ജി. ഗിരിജ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് മേള. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനോട് ചേര്‍ന്നുള്ള ഖാദിഗ്രാമ സൗഭാഗ്യയിലും ഖാദി ഓണം മേള പ്രവര്‍ത്തിക്കുന്നുണ്ട്.

date