Skip to main content

പുതുക്കിയ ഉത്തരവ് പ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ നിർദ്ദേശം

 

 

 

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ  പുതുക്കിയ ഉത്തരവ് പ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കോവിഡ് സ്പെഷൽ ഓഫീസർ സഞ്ജയ് കൗൾ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.  ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് നിർദ്ദേശമുണ്ടായത്.  

ഉത്തരവു പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനു പകരം പ്രതിവാര ജനസംഖ്യാനുപാതിക രോഗവ്യാപന തോത് ( WIPR) അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഇളവു നൽകുകയും ചെയ്യുക.  അതിവ്യാപനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കും.

കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുമ്പെങ്കിലും കോവിഡ് വാക്സിന്റെ ആദ്യഡോസെങ്കിലും എടുത്തവര്‍,  72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍, അല്ലെങ്കില്‍ കുറഞ്ഞത് ഒരുമാസം മുന്‍പെങ്കിലും കോവിഡ് രോഗം പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ എന്നിവർക്കു  മാത്രമേ കട കമ്പോളങ്ങള്‍, ബാങ്കുകള്‍, പൊതു,സ്വകാര്യ മേഖലയിലെ ഓഫീസുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍ മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശനാനുമതിയുള്ളൂ.    വാക്സിൻ എടുക്കാത്ത കുട്ടികളെ അത്യാവശ്യ ഘട്ടത്തിൽ പുറത്തു കൊണ്ടുപോകാൻ ഈ ഗണത്തിൽ പെടുന്ന ആളുകൾക്കു മാത്രമേ അനുമതിയുള്ളൂ.

 ഹോട്ടലുകളിലും താമസ സൗകര്യമുള്ള റിസോർട്ടുകളിലും ബയോ ബബിൾ മാതൃകയിൽ ദിവസവും താമസ സൗകര്യം നൽകാം.  

ജില്ലയിൽ കോവിഡ് പരിശോധന ശക്തമാക്കാനും വാക്സിൻ വിതരണം വ്യാപകമാക്കാനും 
കോവിഡ് സ്പെഷൽ ഓഫീസർ നിർദ്ദേശിച്ചു.  കോവിഡ് ചികിത്സക്ക് സജ്ജമായ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പട്ടികയും ചികിത്സാ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി.  

ജില്ലാ പോലീസ് മേധാവി എ.വി.ജോർജ്ജ്, സബ് കലക്ടർ ചെൽസ സിനി, അസി. കലക്ടർ മുകുന്ദ് കുമാർ, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി ആർ.രാജേന്ദ്രൻ, അഡീ. ഡിഎംഒ മാരായ  ഡോ. പീയൂഷ് , ഡോ.എൻ. രാജേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date