ആരോഗ്യ ജാഗ്രത; കലക്‌ട്രേറ്റും പരിസരവും ശുചീകരിച്ചു
ആരോഗ്യ ജാഗ്രതയ്ക്ക് മാതൃകാ പ്രവര്‍ത്തനമായി കലക്‌ട്രേറ്റും പരിസരവും ശുചീകരിച്ചു. ജില്ലാഭരണ കൂടം, ജില്ലാപഞ്ചായത്ത്, ഹരിതകേരളമിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടം പാലിക്കണമെന്ന ഉത്തരവ് നടപ്പാക്കി ജീവനക്കാര്‍ ശുചീകരണത്തിനിറങ്ങിയത്.
കലക്‌ട്രേറ്റ് പരിസരത്ത് നടന്ന ശുചീകരണം എ.ഡി.എം ടി. ജനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍.പി.പ്രകാശന്‍ പദ്ധതി വിശദീകരിച്ചു. കെഎസ്എംഎ ജില്ലാ പ്രസിഡണ്ട് വി.പി മെഹബൂബ് ,വിവിധ സംഘടനാനേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്തില്‍ ശുചീകരണ പ്രവൃത്തി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ്പ് സംസാരിച്ചു.
കലക്‌ട്രേറ്റിലെ മുഴുവന്‍ ഓഫീസുകളും സ്ഥാപനമേധാവികളുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ശുചീകരിച്ച് ജൈവ അജൈവ മാലിന്യങ്ങള്‍ കൈമാറി. സിവില്‍സ്റ്റേഷന്‍ ജീവനക്കാരുടെ പങ്കാളിത്തതോടെ സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ കോഴിക്കോട് ഘടകത്തിന്റെ സഹകരണത്തോടെയാണ് സമ്പൂര്‍ണ ശുചീകരണം നടത്തിയത്. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച 5 ലോഡ് പാഴ് വസ്തുക്കള്‍ കൈമാറുന്ന ചടങ്ങ് ജില്ലാകലക്ടര്‍ യു.വി.ജോസ് ഫ്‌ളാഗ് ഓഫ് ചെയ്തു.
- Log in to post comments