Skip to main content

ഒ.എം.ആര്‍. പരീക്ഷ

 

ആലപ്പുഴ: ജൂലൈ 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നം. 300/17, 17/2021, 18/2021) തുടങ്ങിയ തസ്തികകളുടെ തെരഞ്ഞെടുപ്പിനായുള്ള ഒ.എം.ആര്‍. പരീക്ഷ ഓഗസറ്റ് 17ന് രാവിലെ 10.30 മുതല്‍ 12.15വരെ മുന്‍പ് നിശ്ചയിച്ചിരുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.
(പി.ആര്‍./എ.എല്‍.പി./2478) 
ജനകീയാസൂത്രണം ആരോഗ്യ മേഖലയില്‍ വലിയ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കി : ഡോ. റ്റി എം തോമസ് ഐസക്ക് 
ആലപ്പുഴ: ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഏറ്റവും വലിയ നേട്ടം കൈവരിച്ചത് ആരോഗ്യ മേഖലയാണെന്ന് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ.റ്റി. എം. തോമസ് ഐസക്. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരയില്‍ തുടര്‍ വികസനം വികേന്ദ്രികൃതാസൂത്രണത്തിലൂടെ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖലയില്‍ ജനകീയ ആസൂത്രണം ആരംഭിക്കുന്ന കാലഘട്ടത്തില്‍ ചെറിയൊരു ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് 40 ശതമാനത്തിന് മുകളിലായി. ജനകീയ ആസൂത്രണത്തിന്റെ ഏറ്റവും വലിയ നേട്ടമാണ് അതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയില്‍ ഇനിയും തുടര്‍ വികസനപദ്ധതികള്‍ നടപ്പാക്കണം. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ജനങ്ങളെ പങ്കാളികളാക്കികൊണ്ടുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം.   പാര്‍പ്പിട മേഖലകളില്‍ ജനകീയാസൂത്രണം തുടങ്ങിയതിനുശേഷം 20 ലക്ഷം വീടുകള്‍ കൊടുക്കാന്‍ സാധിച്ചു. പദ്ധതി തുടരുന്നതിനൊപ്പം ഇത്തരത്തില്‍ വച്ചുകൊടുത്ത വീടുകള്‍ കൃത്യമായി പരിപാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ ശക്തമായി നടപ്പാക്കണം. സര്‍ക്കാര്‍ പുതുതായി പുറത്തിറക്കിയിരിക്കുന്ന ദുരന്തനിവാരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കണമെന്നും തോമസ് ഐസക് പറഞ്ഞു. 
കില ഡയറക്ടര്‍ ജോയി ഇളമണ്‍ മുഖ്യ പ്രതികരണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ്. സത്യപ്രകാശ്, ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date