Skip to main content

ലോകമേ തറവാട് കലാപ്രദർശനം  ടൂറിസം മേഖലയ്ക്ക് ഉണർവേകും:  മന്ത്രി മുഹമ്മദ് റിയാസ് 

 

- ലോകമേ തറവാട് കലാപ്രദർശനം പുനരാരംഭിച്ചു
- ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി വേഗത്തിൽ പൂർത്തീകരിക്കും

ആലപ്പുഴ: കോവിഡ് പ്രതിസന്ധികൾക്കിടയിലും ആലപ്പുഴയിലെ ലോകമേ തറവാട് കലാപ്രദർശന വേദി തുറക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ചശേഷം പുനരാരംഭിച്ച ലോകമേ തറവാട് കലാപ്രദർശനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ പോർട്ട് മ്യൂസിയം വേദിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിസന്ധികൾക്കിടയിൽ ദുരിതം അനുഭവിക്കുന്ന വിനോദസഞ്ചാര മേഖലക്ക് ഈ ദിനം പുതിയ കരുത്തു പകരും. 267 കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിലൂടെ ടൂറിസം-കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ ആശ്വാസം ലഭിക്കും.കോവിഡ് മൂലം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഭീമമായ നഷ്ടമാണുണ്ടായത്. അതൊന്നും കണക്കിലെടുക്കാതെ മേഖലയുമായി ബന്ധപ്പെട്ട്് ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരെ  സർക്കാർ ചേർത്തു നിർത്തും. മേഖലയിലുള്ളവർക്കായി പലിശരഹിത വായ്പ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ പൈതൃക ടൂറിസം പദ്ധതിക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.  എത്രയും വേഗം പദ്ധതി പൂർത്തീകരിക്കാനുള്ള ഇടപെടലുണ്ടാവും. ആലപ്പുഴയെ കേരളത്തിന്റെ ടൂറിസം മേഖലയുടെ കപ്പിത്താനായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ അഡ്വ: എ.എം ആരിഫ് എം.പി. അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ലോകമേ തറവാട് പ്രദർശന ക്യൂറേറ്ററും കലാകാരനുമായ ബോസ് കൃഷ്ണമാചാരി, ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ് എന്നിവർ പങ്കെടുത്തു.
അഞ്ചു വേദികളിലായി ഒരു ലക്ഷം ചതുരശ്ര അടിയിൽ 267 കലാകാരന്മാരുടെ 3000 കലാസൃഷ്ടികളാണ് ലോകമേ തറവാട് കലാപ്രദർശനത്തിലുള്ളത്. ഇതാദ്യമായാണ് ഇത്രയും വിപുലമായ കലാപ്രദർശനത്തിന് ആലപ്പുഴ വേദിയാകുന്നത്. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രദർശന വേദികളിലേക്കുള്ള പ്രവേശനം. ശനി(ഓഗസ്റ്റ് 14), ഞായർ(ഓഗസ്റ്റ് 15) ദിവസങ്ങളിൽ പ്രവേശനം സൗജന്യമാണ്. തിങ്കൾ മുതൽ 20 രൂപ ടിക്കറ്റിൽ എല്ലാ വേദികളിലെയും പ്രദർശനം കാണാം. 
 

date