Skip to main content

കേരളത്തിലെ വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക്:  മന്ത്രി പി പ്രസാദ് 

 

ആലപ്പുഴ: കേരളത്തിലെ വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പട്ടണക്കാട് എസ്. സി. യു. ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

കോവിഡ് കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിൽ തനതായ പദ്ധതികൾ ആവിഷ്കരിച്ച് കൃത്യമായി നടപ്പാക്കുകയാണ് സർക്കാർ. അധ്യാപകരുടെ അർപ്പണബോധവും ആത്മാർത്ഥതയും സ്കൂളുകളെ മികവുറ്റതാക്കി. ഓരോ ക്ലാസുകളുമായും ബന്ധപ്പെട്ട പഠന നിലവാരം ഉയർത്തുന്നത് വഴി കുട്ടികളുടെ മികവ് വർധിക്കും. അത്തരം സ്കൂളുകളിലേക്ക് വിദ്യാർത്ഥികൾ കൂടുതലായി എത്തുമെന്നും മന്ത്രി പറഞ്ഞു. അധ്യാപകരും സർക്കാരും ത്രിതല പഞ്ചായത്തുകളും കൈകോർത്തപ്പോൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പഴയ വിദ്യാഭ്യാസ സൗകര്യങ്ങളല്ല ഇന്നുള്ളത്. കുട്ടികളെ ലോകത്തോടൊപ്പം വളരാൻ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിൽ നടപ്പാക്കുന്നത്. കോവിഡ് കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഒരു കുറവും വരുത്തരുതെന്ന നിർബന്ധം സർക്കാരിനുണ്ട്.  കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകിയാണ് സർക്കാർ ഓൺലൈൻ വഴി ക്ലാസുകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ കെട്ടിട നിർമാണത്തിനായി 54.67 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. മൂന്ന് ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ബിബിൻ സി. ബാബു, ജില്ല പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. ശിവപ്രസാദ്, സജിമോൾ ഫ്രാൻസിസ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കെ. സാബു, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അംഗം കെ. എൻ. ഉഷാദേവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ബിനി, വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ എം. ഹരിപ്രിയ, എച്ച്. എം. ഇൻചാർജ് എൻ.കെ. ഭാർഗവി, പി.ടി.എ. പ്രസിഡന്റ് എ.എസ്. രാജേഷ്, എസ്.എം.സി. ചെയർമാൻ പി. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

date