Skip to main content

75-ാമത് സ്വാതന്ത്ര്യദിനാഘോഷം; രാവിലെ ഒൻപതിന് ദേശീയപതാക ഉയർത്തും

 

 

   എറണാകുളം: രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി എറണാകുളം ജില്ലാ ആസ്ഥാനമായ കാക്കനാട് നടക്കുന്ന  സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ  മന്ത്രി പി. രാജീവ് ദേശീയപതാക ഉയർത്തും. 

    കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാക്കനാട് സിവിൽസ്റ്റേഷനിലെ ഷട്ടിൽ കോർട്ട്   മൈതാനിയിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. രാവിലെ 8.45ന് പരേഡ് ബേസ് ലൈനിൽ അണിനിരക്കും. 8. 48 ന് പരേഡ് കമാൻഡർ ചുമതലയേൽക്കും. 8.52 ന് ജില്ലാ കളക്ടർ പരേഡിൻ്റെ അഭിവാദ്യം സ്വീകരിക്കും. 8.55 ന് പോലീസ് കമ്മീഷ്ണർ പരേഡിൻ്റെ അഭിവാദ്യം സ്വീകരിക്കും. തുടർന്ന് 8.59 ന് മന്ത്രി പി. രാജീവ് പരേഡിൻ്റെ അഭിവാദ്യം സ്വീകരിക്കും. ഒൻപത് മണിക്ക് മന്ത്രി ദേശീയപതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും. 

   കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ചടങ്ങിൽ പ്രവേശനമില്ല. പരമാവധി 100 പേർക്കു മാത്രമായിരിക്കും ചടങ്ങുകളിൽ ക്ഷണം. നിശ്ചിത കോവിഡ് മുന്നണിപ്പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർ ചടങ്ങിൽ  പ്രത്യേക ക്ഷണിതാക്കളാകും.

    പോലീസിൻ്റെ മൂന്ന് പ്ലാറ്റൂണുകൾ മാത്രമാണ് പരേഡിൽ പങ്കെടുക്കുന്നത്. കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് ചടങ്ങിൽ പ്രവേശനമില്ല. മാർച്ച് പാസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. പ്രധാന വേദിയിലെ ചടങ്ങുകൾക്ക് ശേഷം സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയിൽ മന്ത്രി പുഷ്പാർച്ചന നടത്തും.   കളക്ടർ എറണാകുളം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എറണാകുളം എന്നീ ഫെയ്സ് ബുക്ക് പേജുകളിലും പി.ആർ.ഡി എറണാകുളം എന്ന യൂട്യൂബ് ചാനലിലും ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

date