Skip to main content

കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി പൂക്കോട്ടൂരിലെ അത്താണിക്കല്‍ ഗ്രാമം ജനകീയ വാക്‌സിന്‍ കാമ്പില്‍ 600 പേര്‍ക്ക് കുത്തിവെയ്‌പ്പെടുത്തു

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തവും പ്രയോജനപ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനു ശേഷം മലപ്പുറം ജില്ലയില്‍ ആദ്യ മെഗാ വാക്‌സിന്‍ വിതരണ ക്യാമ്പ് പൂക്കോട്ടൂര്‍ അത്താണിക്കലില്‍ നടന്നു. 18നും 45 വയസിനുമിടയില്‍ പ്രായമുള്ള 600 പേര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിനാണ് ക്യാമ്പില്‍ വിതരണം ചെയ്തത്. അത്താണിക്കലിലെ പ്രമുഖ വ്യാപാരിയായ ഇസ്മയില്‍ പാലക്കലാണ് 600 പേര്‍ക്കുള്ള പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കിയത്. വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഇത്തരം ഇടപെടലുകള്‍ സംസ്ഥാനത്തിനുതന്നെ മാതൃകയാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു.

അത്താണിക്കല്‍ മേഖലയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരുന്നു വാക്‌സിന്‍ വിതരണം. അത്താണിക്കല്‍ ടി.വി. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണ് ആദ്യഘട്ട ക്യാമ്പില്‍ വാക്‌സിന്‍ സ്വീകരിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ സേവനവും ക്യാമ്പില്‍ ഉറപ്പാക്കിയിരുന്നു. സാമൂഹ്യ അകലം ഉറപ്പാക്കാനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സമയക്രമം നല്‍കിയായിരുന്നു പ്രതിരോധ കുത്തിവെയ്പ്പ്.

നാട്ടൊരുമയുടെ മലപ്പുറം മാതൃക ഈ മഹാമാരിക്കാലത്തും വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. നാടിന്റെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ ഉറപ്പാക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഇസ്മയില്‍ പാലക്കല്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനായി. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്‌മാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മയില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ. സലാം, ഇ.കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

date