Skip to main content

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രതിരോധത്തിലും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം: മന്ത്രി വി.അബ്ദുറഹിമാന്‍

 

കണ്ണന്‍കുണ്ട് മോഡല്‍ ട്രൈബല്‍ വില്ലേജിലെ ഒന്‍പത് വീടുകളുടെ
താക്കോല്‍ ദാനം മന്ത്രി നിര്‍വഹിച്ചു

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട ചാലിയാര്‍ മതില്‍മൂല, ചെട്ടിയമ്പാറ പട്ടിക വര്‍ഗ കോളനിയിലെ ഒന്‍പത്  കുടുംബങ്ങള്‍ക്ക് കണ്ണന്‍കുണ്ട് മോഡല്‍ ട്രൈബല്‍ വില്ലേജില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും അഹോരാത്രം പ്രവര്‍ത്തിച്ചുവെന്നും ഓരോ പ്രതിസന്ധിഘട്ടത്തെയും കൂട്ടായ പരിശ്രമത്തോടെയാണ് നാം നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ നഗരസഭാ ഹാളില്‍ നടന്ന പരിപാടിയില്‍ പൂളപ്പൊട്ടി കോളനി നിവാസിയായിരുന്ന ചപ്പ മന്ത്രിയില്‍ നിന്ന് ആദ്യം താക്കോല്‍ ഏറ്റുവാങ്ങി. പരിപാടിയില്‍ പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി.  പി.വി അബ്ദുല്‍ വഹാബ് എം.പി, നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന്‍ തുടങ്ങിയവര്‍  വിശിഷ്ടാതിഥികളായി. ഭവന നിര്‍മാണത്തിന് ആവശ്യമായി വന്ന അധിക തുക സംഭാവന നല്‍കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍  ഒരു വീടിന് 7,04,500 രൂപ വീതം ചെലവഴിച്ചാണ്  ആദ്യഘട്ടത്തില്‍ ഒന്‍പത് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഓരോ വീടുകളുടേയും നിര്‍മാണത്തിന് ആദിവാസി പുനരധിവാസ വികസന മിഷന്‍ അനുവദിച്ച ആറ് ലക്ഷത്തിന് പുറമേയുള്ള തുക  വ്യക്തികളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് മുഖേനയും ലഭിച്ചിട്ടുണ്ട്.  ജില്ലാ നിര്‍മിതി കേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് വീടുകള്‍ നിര്‍മിച്ചത്.

2018 ലെ  പ്രളയത്തെ തുടര്‍ന്നാണ്  മതില്‍മൂല പട്ടികവര്‍ഗ കോളനി ഭൂമിയും 26 വീടുകളും പൂര്‍ണമായും ഉപയോഗശൂന്യമായത്. ചെട്ടിയമ്പാറ കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മരണപ്പെട്ടതിനൊപ്പം ഭൂമിയും വീടുകളും നാശോന്മുഖമായി. കോളനി നിവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പരിഗണന നല്‍കിയുള്ള നടപടികളാണ് സര്‍ക്കാര്‍  സ്വീകരിച്ചത്. ദുരന്തത്തിന് ഇരയായ മതില്‍മൂല, ചെട്ടിയമ്പാറ കോളനികളിലെ 27 കുടുംബങ്ങള്‍ ഉള്‍പ്പെടെ 34 കുടുംബങ്ങള്‍ക്ക് വേണ്ടി 10 ഹെക്ടര്‍ ഭൂമി അകമ്പാടം വില്ലേജിലെ കണ്ണന്‍കുണ്ട് പ്രദേശത്ത് വനം വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്തു. ഓരോ കുടുംബത്തിനും 50 സെന്റ് വീതം ഭൂമിയുടെ പട്ടയ വിതരണം 2019 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു.

പട്ടികവര്‍ഗ കുടുംബങ്ങളുടെ സാംസ്‌കാരിക തനിമ, ആചാര രീതികള്‍, പൈതൃകം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി തൊഴില്‍ നൈപുണ്യം, സാമൂഹിക ഉന്നമനം, ഭാവി വികസനം എന്നിവ ഉറപ്പാക്കിയുള്ള  സമഗ്ര വികസന പദ്ധതിയാണ് കണ്ണന്‍കുണ്ട് മോഡല്‍ ട്രൈബല്‍ വില്ലേജ് എന്ന പേരില്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. ഗുണഭോക്താക്കളായ പട്ടികവര്‍ഗ കുടുംബങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായാണ് പദ്ധതി തയ്യാറാക്കിയത്.

ചാലിയാര്‍ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ തോണിയില്‍ സുരേഷ്, വാര്‍ഡ് അംഗം ഷരീഫ് അഴുവളപ്പില്‍, ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മീഷണര്‍ പ്രേംകൃഷ്ണന്‍, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ജെ മാര്‍ട്ടിന്‍ ലോവല്‍, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, തഹസില്‍ദാര്‍ പി.രഘുനാഥന്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ടി. ശ്രീകുമാരന്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

date