Skip to main content

തിരുവാര്‍പ്പിന്‍റെ ചരിത്രത്തിലേക്ക് തിരിച്ചു നടന്ന് പുതുതലമുറ

മഹാത്മ ഗാന്ധിയുടെ പാദസ്പര്‍ശമേറ്റ മണ്ണില്‍ ചരിത്രത്തിലേക്ക് മടക്കയാത്ര നടത്തുകയാണ് ടോണിസാറും കുട്ടികളും. തിരുവാര്‍പ്പ് ക്ഷേത്രത്തിനും ചുറ്റുമുള്ള നടപ്പുവഴികള്‍ക്കും  സ്വാമിയാര്‍ മഠത്തിനും പോലീസ് സ്റ്റേഷനുമൊക്കെ  പറയാനുള്ള കഥകള്‍ പ്രാദേശിക ചരിത്രകാരന്‍മാരോടും പലതലമുറകളിലെ നാട്ടുകാരോടും അവര്‍ ചോദിച്ചറിഞ്ഞു. ചരിത്ര ശേഷിപ്പുകളുടെ ചിത്രം പകര്‍ത്തി.

സ്വാന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തിന്‍റെ ഭാഗമായി പ്രാദേശിക ചരിത്രരചനയ്ക്കായാണ് കോട്ടയം ഗവണ്‍മെന്‍റ് ടി.ടി.ഐ പ്രിന്‍സിപ്പല്‍ ടോണി ആന്‍റണിയും വിദ്യാര്‍ഥികളും തിരുവാര്‍പ്പില്‍ വിവരശേഖരണം നടത്തിയത്. മഹാത്മാഗാന്ധി 1937-ല്‍ തിരുവാര്‍പ്പില്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മ പുതുക്കുന്നതിന്  വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടികളുടെ ഭാഗമാണ് പ്രാദേശിക ചരിത്ര രചന. 

ക്ഷേത്രത്തിന് ചുറ്റുമുള്ള നടപ്പു വഴികളിലും കോട്ടയത്തേക്കുള്ള പൊതു നിരത്തിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി  പ്രക്ഷോഭം നടത്തിയ കാലത്ത്  പടിഞ്ഞാറെ നടയിൽ  നിർമ്മിച്ച പോലീസ് സ്റ്റേഷന്‍  കാലഹരണപ്പെട്ട് കാട്ടുചെടികളും വള്ളിപ്പടര്‍പ്പുകളും വളർന്ന് മൂടി കിടക്കുകയാണ്.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് തിരുവാർപ്പിന്‍റെ സ്മരണയില്‍ തിളങ്ങി നില്‍ക്കുന്ന മഹാത്മജിയുടെ സന്ദര്‍ശനത്തെക്കുറിച്ച് മുന്‍തലമുറക്കാര്‍ പങ്കുവച്ച വിവരങ്ങള്‍ നാട്ടുകാര്‍ ചരിത്ര രചനാ സംഘത്തോട് വിവരിച്ചു. 

വിവരശേഖരണം പൂര്‍ത്തിയായതിനു ശേഷം ഇവര്‍ തയ്യാറാക്കുന്ന പ്രാദേശിക ചരിത്രം വിശദ പരിശോധനയ്ക്കുശേഷം പ്രസിദ്ധീകരിക്കും.

date