Skip to main content

സ്വാതന്ത്ര്യദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുളള ജില്ലാതല പരിപാടികള്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് ഓഗസ്റ്റ് 15 ന് തേക്കിന്‍കാട് മൈതാനം വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കും. രാവിലെ 9 ന് റവന്യൂമന്ത്രി അഡ്വ കെ രാജന്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും. മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കി മറ്റു ചടങ്ങുകള്‍ മാത്രമായിരിക്കും നടത്തുക. ജില്ലാതല പരിപാടിയിലെ പങ്കാളിത്തം നൂറില്‍ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പരിപാടിയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. പന്തല്‍നിര്‍മാണവും ഒരുക്കങ്ങളും പൂര്‍ത്തിയായതായി അഡിഷ്ണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് റെജി പി ജോസഫ് അറിയിച്ചു. പന്തല്‍ പണിയുടെ അവസാനഘട്ടമിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ കോവിഡ് ടെസ്റ്റും പൂര്‍ത്തിയായി. സ്വാതന്ത്ര്യദിനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമുചിതമായി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഗൂഗിള്‍മീറ്റ് മുഖേന ചേര്‍ന്ന സബ്കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറ്റി പൊലീസ്, റൂറല്‍ പൊലീസ്, എക്‌സൈസ് ബെറ്റാലിയന്‍, ആര്‍മ്ഡ് റിസര്‍വ് പൊലീസ് ബെറ്റാലിയന്‍ എന്നിങ്ങനെ നാല് ബെറ്റാലിയനുകളാണ് പരേഡില്‍ അണിനിരക്കുക. പരേഡ് റിഹേഴ്‌സലും ബന്ധപ്പെട്ടവര്‍ക്കുള്ള ക്ഷണക്കത്ത് വിതരണവും പൂര്‍ത്തിയായതായി വിവിധ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കാവശ്യമായ ഒരേ തരത്തിലുള്ള മാസ്‌കുകളും ഗ്ലൗസുകളും യഥാസമയം ലഭ്യമാക്കണമെന്നും നിരോധിച്ച പ്ലാസ്റ്റിക് ദേശീയപതാകകളുടെ ഉപയോഗവും വിപണനം ഒഴിവാക്കണമെന്നും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതുറപ്പാക്കണമെന്നും തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

താലൂക്ക്, മുനിസിപ്പല്‍, പഞ്ചായത്ത് തലത്തില്‍ 50 പേരെ മാത്രം പങ്കെടുപ്പിച്ചാണ് പതാക ഉയര്‍ത്തല്‍ നടത്തേണ്ടത്. ദേശീയ പതാകയോട് ആദരവ് കാണിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി. പതാക ഉയര്‍ത്തല്‍ ചടങ്ങ് രാവിലെ 9 മണിക്കോ അതിനുശേഷമോ നിര്‍വഹിക്കണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് പ്രത്യേകം എഡിഎം നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി, ഡിഎംഒ, ഡെപ്യൂട്ടി കമാന്റന്റ് എന്നിവരുടെ പ്രതിനിധികളും ജില്ലയിലെ തഹസില്‍ദാര്‍മാരും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

date