Skip to main content

കാട്ടൂരിൽ കോവിഡാനന്തര ആശ്വാസ പദ്ധതി 100 ദിനം 100 പദ്ധതികൾ 1000 തൊഴിൽ

 

സംസ്ഥാന സര്‍ക്കാരിന്‍റെ 100ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് 100 ദിനം 100 പദ്ധതികള്‍ 1000 തൊഴിലവസരം എന്നത്. കോവിഡാനന്തര ആശ്വാസമായി കൂടുതൽ തൊഴിലവസരവും അതിനാവശ്യമായ സാമ്പത്തിക പിന്തുണയുമാണ് പദ്ധതിയിലൂടെ നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് ടവർ ആൻ്റ് ട്രേഡ് സെൻ്ററിൽ ഉന്നതവിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. കാര്‍ഷിക-കാര്‍ഷികേതര തൊഴില്‍ സംരംഭക പരിപാടി കോവിഡാനന്തര സാഹചര്യത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും വലിയ സഹായമാകുമെന്നും ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ബാങ്കിന് സാധിച്ചാല്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രാദേശിക വികസനം സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതി സമയ ബന്ധിതമായി നടപ്പാക്കണമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

 

ആകെ നടപ്പാക്കുന്ന 100 പദ്ധതിയിൽ 50 പദ്ധതികൾ കാർഷിക മേഖലയിലും 50 പദ്ധതികൾ കാർഷികേതര മേഖലയിലുമായാണ് നടപ്പാക്കുക. ഇതോടെ പശു, ആട്, കോഴി തുങ്ങിയവ വളർത്തുന്നതുൾപ്പെടെ മൊബൈൽ ഷോപ്പ്, ഡിടിപി സെൻ്റർ, ടാക്സി ഓട്ടോ തുടങ്ങിയ കാർഷികേതര മേഖലയിലും ശാശ്വതമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. 3 കോടി രൂപ മുതല്‍ 5 കോടി രൂപ വരെ നബാര്‍ഡിന്‍റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിക്കുന്നത്. കാര്‍ഷിക സംരംഭങ്ങള്‍ക്ക് 7 ശതമാനവും കാര്‍ഷികേതര സംരംഭങ്ങള്‍ക്ക് 9  ശതമാനവും പലിശ നിരക്കില്‍ 36 മാസത്തേയ്ക്കാണ് വായ്പകള്‍ അനുവദിക്കുക. കുറഞ്ഞ പലിശയ്ക്ക് വായ്പ അനുവദിക്കുന്നതിന് പുറമെ  അര്‍ഹരായ എല്ലാവര്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്യും. വനിതകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പദ്ധതി നടപ്പാക്കുന്നതിനും കൂടുതൽ സംരംഭകരെ മുൻനിരയിലെത്തിക്കുന്നതിനും പദ്ധതി ലക്ഷ്യം വയ്ക്കുന്നുണ്ട്. അപേക്ഷകർ തുടങ്ങാനാഗ്രഹിക്കുന്ന സംരംഭങ്ങളുടെ പൂർണവിവരങ്ങൾ ബാങ്കിൽ സമർപ്പിക്കുന്നതോടെ ബാങ്ക് ഇൻസ്പെക്ഷൻ നടത്തുകയും വായ്പ നൽകുന്നതിന് വേണ്ട തുടർനടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യുക. ഇത്തരത്തിൽ ഒരു കുടുംബം പുലർത്തിക്കൊണ്ട് പോകുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് 10 മെമ്പർ മാർക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വായ്പയുടെ സാങ്ഷൻ ഓർഡർ നൽകി.

 

ചടങ്ങിൽ ബാങ്ക് പ്രസിഡന്‍റ് ജോമോന്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ പവിത്രന്‍ ഓണം വിപണി, ഓണ ചന്ത, ഉപ്പേരി കൗണ്ടര്‍, പാലട പ്രഥമന്‍, നീതി മെന്‍സ് വെയര്‍ കൗണ്ടര്‍ എന്നിവയുടെ ആദ്യ വില്‍പന നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ രമാ ഭായി, ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്‍റണി, മധുജ ഹരിദാസ്, പ്രമീള അശോകന്‍, കിരണ്‍ ഒറ്റാലി, എം ഐ അഷ്റഫ്, എം ജെ റാഫി, കെ കെ സതീശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്‍റ് ഇ ബി അബ്ദുള്‍ സത്താര്‍ സ്വാഗതവും സെക്രട്ടറി ടി വി വിജയകുമാര്‍ നന്ദിയും പറഞ്ഞു.

date