Skip to main content

ഏകജാലക പ്രവേശനം;  ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ്

 

 

ഏകജാലക പ്രവേശനം സംബന്ധിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും യാതൊരുവിധ ആശങ്കയും വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിൽ നടക്കുന്നത്. ഓഗസ്റ്റ് 13ന് എറണാകുളം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ ശകുന്തള, തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ജില്ലാ ഹയർ സെക്കന്ററി കോർഡിനേറ്റർ വി എം കരിം എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരുടെയും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെയും ആലോചനായോഗം ഓൺലൈനായി ചേർന്നിരുന്നു. മൂന്നു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർ കുട്ടികളോടും രക്ഷിതാക്കളോടും സംസാരിക്കുക. പ്രവേശനപ്രക്രിയയുടെ വിജ്ഞാപനം വരുന്നതിന് മുൻപാണ് ഒന്നാമത്തെ ഘട്ടം. കുട്ടികൾ നടത്തേണ്ട മുന്നൊരുക്കമാണ് ആദ്യത്തേത്. തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ നേതൃത്വത്തിൽ ആദ്യപടിയായി സ്കൂളിലെ മുഴുവൻ ജീവനക്കാരുടെയും യോഗം ചേരും. കഴിഞ്ഞ വർഷം പത്താം തരത്തിൽ ഉണ്ടായിരിക്കുകയും ഉന്നത പഠനത്തിന് അർഹത നേടിയവരുമായ കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പുകൾ ക്രമീകരിച്ചു നിലനിർത്തും. ഓഗസ്റ്റ് 15 ന് നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുക്കണം. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു  ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ വിജ്ഞാപനം വരുന്നതിന്റെ തൊട്ടടുത്ത ദിവസം, എങ്ങനെയാണ് പ്രവേശനം നേടേണ്ടത് എന്ന് പരിശീലിപ്പിക്കും. ഇഷ്ടമുള്ള സ്കൂൾ, കോഴ്സ് എന്നിവ പരിചയപ്പെടുത്തും. ട്രയൽ അലോട്മെന്റിന് ശേഷം മൂന്നാം ഘട്ടത്തിൽ പരിശീലനം നടത്തും. പ്രവേശനപ്രക്രിയ ആരംഭിക്കുന്ന ഘട്ടത്തിൽ എൻ എസ് എസ്, എസ് പി സി, ജെ സി, സ്കൗട്ട് ആന്റ് ഗൈഡ് എന്നിവയുടെ സേവനം ഉറപ്പാക്കും.

ഹയർസെക്കന്ററി, ഹൈസ്കൂൾ അധ്യാപകരുടെ ടീമാണ് കുട്ടികളെയും രക്ഷിതാക്കളെയും സഹായിക്കുക. സ്കൂളിൽ തന്നെ ഇന്റർനെറ്റ്‌ കഫേ സംവിധാനം ഒരുക്കും. 35,560 കുട്ടികളും അവരുടെ രക്ഷിതാക്കളുമായി നടത്തുന്ന സംവാദ പരിപാടി സംസ്ഥാനത്ത്‌ ആദ്യമാണ്. ഏകജാലക പ്രവേശന ഫോറം എന്റർ ചെയ്യുന്നതിന് ഓൺലൈനായും ഓഫ് ലൈനായും പരിശീലനം നൽകും. പ്രവേശന കാര്യങ്ങൾ നേരിട്ട് അറിയുന്നതിന് 165 സ്കൂളുകളിലും ഹെൽപ് ഡെസ്ക് ഓഫ് ലൈനായും  പ്രവർത്തിക്കും.

 

രക്ഷിതാക്കൾക്കും കുട്ടികൾക്കും നിർദ്ദേശങ്ങൾ അറിയുന്നതിന് ടെലഗ്രാം ചാനലും ഹെൽപ്പ് ഡെസ്ക്കിൻ്റെ ഭാഗമായുണ്ട്. 

date